കാപ്പൻ പിടിച്ച യുഡിഎഫ് കോട്ട: ആശ്വാസം നൽകുന്നത് പിണറായിക്ക്; ശബരിമലയും പിറവവും പൊളിച്ചടുക്കി സർക്കാരിന്റെ മുന്നേറ്റം
സ്വന്തം ലേഖകൻ
കോട്ടയം: കാപ്പൻ പിടിച്ച യുഡിഎഫ് കോട്ടയിൽ ആശ്വാസം കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമലയുടെ പേരിൽ കുരിശിൽക്കയറി, 19 സീറ്റിലും ദയനീയമായി പരാജയപ്പെട്ട എൽഡിഎഫിന് നൽകുന്നത് വലിയ ആശ്വാസമാണ്. ശബരിമലയല്ലെന്നും രാഹുൽ ഗാന്ധിയാണ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയതെന്നും വ്യക്തമാക്കാൻ സാധിക്കുന്നതാണ് പാലാ ഉപതിരഞ്ഞെടുപ്പ് ഫലം.
നായർ ഈഴവ വോട്ടുകൾ ഏറെയുള്ള പാലാ മണ്ഡലത്തിൽ വൻ വിജയം നേടുന്നതിലൂടെ ശബരിമലയിലെ പാപക്കറ കഴുകിക്കളയുകയാണ് എൽഡിഎഫ് സർക്കാർ. സർക്കാരിന്റെ വിലയിരുത്തലാവുമെന്നു പ്രഖ്യാപിച്ച് സധൈര്യം ഉപതിരഞ്ഞെടുപ്പിനെ നേരിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. മൂന്നു ദിവസം പാലായിൽ ക്യാമ്പ് ചെയ്ത് തന്നെയായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.
മന്ത്രിമാരും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഓരോ പഞ്ചായത്തിന്റെ ചുമതല ഏറ്റെടുത്തായിരുന്നു പ്രചാരണ പ്രവർത്തനം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമലയായിരുന്നു ബിജെപിയും കോൺഗ്രസും പ്രചാരണ ആയുധമാക്കിയത്. 19 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചത് ശബരിമല പ്രശ്‌നം കൊണ്ടാണെന്നായിരുന്നു പ്രചാരണം. എന്നാൽ, യുഡിഎഫിന്റെ കോട്ടയിൽ വൻ വിജയവുമായി എൽഡിഎഫ് മടങ്ങിയെത്തുമ്പോൾ ആശ്വാസമാകുന്നത് പിണറായി വിജയന് തന്നെയാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് ശേഷം വീടുകളിൽ ചെന്ന് ശബരിമല വിശദീകരണം നടത്തുന്ന സിപിഎമ്മിനെ വൻ തോതിൽ കോൺഗ്രസും, ബിജെപിയും ആക്രമിച്ചിരുന്നു. ഹൈന്ദവ വോട്ടുകൾ എൽഡിഎഫിന് എതിരെ തിരിക്കാനാവുമെന്നായിരുന്നു കോ്ൺഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷ. ഇതിനിടെ പിറവം പള്ളിയിലെ പ്രശ്‌നങ്ങളും, മരട് ഫാള്റ്റ് പൊളിക്കുന്നതും എല്ലാം എൽഡിഎഫിനെതിരായി പാല ഉപതിരഞ്ഞെടുപ്പിൽ തിരിയ്ക്കാനായിരുന്നു യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ശ്രമം. എന്നാൽ, എല്ലാം കൃത്യമായി സർക്കാരിന്റെ നേട്ടത്തിലൂടെ ഗുണകരമാക്കി മാറ്റാൻ പിണറായി വിജയനും സിപിഎമ്മിനും നേട്ടമായി മാറി.