മാനദണ്ഡം അനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും പട്ടികജാതി ഉദ്യോഗാർത്ഥിയുടെ പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതെ പി എസ് സി. ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
2020 മാർച്ചിലാണ് കപിൽ എൽ.ഡി ക്ലർക്ക് പരീക്ഷയെഴുതിയത്. മലയാളവും തമിഴും അറിയാവുന്നവർക്കു വേണ്ടിയുള്ള പ്രത്യേക തസ്തികയിലേക്കായിരുന്നു പരീക്ഷ. 43.75 മാർക്കായിരുന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനുള്ള മാനദണ്ഡം. കപിലിന് ലഭിച്ചതാകട്ടെ 52 മാർക്കും. ലിസ്റ്റിൽ ഉൾപ്പെടാതെ വന്നതോടെ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് കൈപ്പറ്റിയപ്പോഴാണ് പി.എസ്.സിയുടെ വീഴ്ച്ച വ്യക്തമായത്. പിന്നീട് പിഎസ് സി ചെയർമാനെ നേരിട്ടു കണ്ടു കാരണമന്വേഷിച്ചപ്പോൾ ക്ലറിക്കൽ മിസ്റ്റേക്കാണ് പരിശോധിക്കാം എന്ന് ഒഴുക്കൻ മറുപടി നൽകി വിട്ടയച്ചു.
തന്നേക്കാൾ മാർക്ക് കുറഞ്ഞ 54 പേർ റാങ്ക് ലിസ്റ്റിലുണ്ടെന്നാണ് കപിലിന്റെ ആരോപണം. പട്ടികജാതിക്കാരനായ കപിലിൻറെ പേര് സപ്ലിമെൻററി ലിസ്റ്റിൽ പോലുമില്ല. ഇത് മനപൂർവ്വമാണെന്നാണ് കപിലിൻറെ ആക്ഷേപം. ജോലികിട്ടുമെന്ന് വിശ്വസിച്ച് കഷ്ടപ്പെട്ട് പരീക്ഷയെഴുതി ജയിക്കുന്നവരുടെ വിഷമം മനസ്സിലാക്കി തൻറെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നാണ് കപിലിപ്പോഴും വിശ്വാസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group