
സ്വന്തം ലേഖകൻ
കോട്ടയം: പറ്റിക്കുവാണേല് ഇങ്ങനെ പറ്റിക്കണം… കന്യാസുരക്ഷാ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഇപ്പോള്‍ അധികൃതരോടു പറയാനുള്ളത് ഇതാണ്.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ സ്മരണാര്‍ഥം കോട്ടയം കളക്ടറേറ്റ് കേന്ദ്രീകരിച്ച് ആരംഭിച്ച കന്യാസുരക്ഷ പദ്ധതി എന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് കോട്ടയത്തുകാരെ വിദഗ്ധമായി കബളിപ്പിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലാവധി കഴിയുന്പോള്‍ 20,000 രൂപ ലഭിക്കുമെന്നുള്ള വാഗ്ദാനത്തിലാണു പെണ്‍കുട്ടികളുള്ള നിരവധി മാതാപിതാക്കള്‍ ഇതില്‍ ചേര്‍ന്നത്. കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള ഇടപാടായതിനാല്‍ ജനം കണ്ണുമടച്ചു വിശ്വസിച്ചു. എന്നാല്‍, കാലാവധി അവസാനിക്കുന്പോള്‍ അടച്ച തുക കിട്ടിയാല്‍ ഭാഗ്യം എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ആറായിരം അല്ലെങ്കില്‍ എണ്ണായിരം രൂപയാണു പരമാവധി ലഭിക്കുകയുള്ളൂ എന്നാണ് വ്യക്തമായിരിക്കുന്നത്.
ജില്ലാ കളക്ടര്‍ പ്രസിഡന്റായി രൂപീകരിച്ച കോട്ടയം ജില്ലാ മഹിളാ പ്രധാന് ഏജന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി ഈ പദ്ധതിയുടെ മാസ്റ്റര്‍ പോളിസി ഹോള്‍ഡര്‍ എന്ന നിലയിലാണ് അംഗങ്ങളെ ചേര്‍ത്തത്. ഏജന്റുമാര്‍ പൊതുജനങ്ങളോടു പറഞ്ഞ വാഗ്ദാനങ്ങളൊന്നും രേഖകളില്‍ ഇല്ല.
ഒരു ഇന്‍ഷ്വറന്‍സ് പോളിസി മാത്രമാണിത്. രാഷ്ട്രപതിയുടെ പേര് വലിച്ചിഴച്ചതും പണം കളക്ടറേറ്റിലെ ഒരു മുറിയില്‍ വച്ചു സ്വീകരിച്ചതും ജനത്തെ തെറ്റിദ്ധരിപ്പിച്ചു.
പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചാല്‍ കാലാവധി പൂര്‍ത്തിയാകുന്പോള്‍ 20,000 രൂപ നല്കുമെന്നു ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നു ദേശീയ സന്പാദ്യപദ്ധതിയുടെ ഡപ്യൂട്ടി ഡയറക്ടര്‍ പറയുന്നു. 20,000 രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് സംരക്ഷണവും തത്തുല്യമായ തുകയ്ക്കുള്ള അപകട മരണ ആനുകൂല്യവും ലഭിക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്.
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി എന്ന നിലയില്‍ മാത്രം ഏര്‍പ്പെടുത്തിയ പ്രത്യേക സ്കീമാണിത്. ഗവണ്മെന്റുമായോ കെ.ആര്. നാരായണനുമായോ പദ്ധതിക്ക് യാതൊരു ബന്ധവുമില്ല. 84 രൂപ ഇന്‍ഷ്വറന്‍സിനും 15 രൂപ അപകട ക്ലെയിമിനും വേണ്ടിയാണ് ഈടാക്കുന്നത്. ബാക്കി വരുന്ന തുകയായ 156 രൂപയാണ് അംഗത്തിന്റെ നിക്ഷേപം.
പദ്ധതിയെക്കുറിച്ചു കേട്ടറിഞ്ഞ് 52,220 പേര് ആദ്യമാസംതന്നെ പദ്ധതിയില്‍ ചേര്‍ന്നു. ദിവസങ്ങളോളം കളക്ടറേറ്റില്‍ വന്‍തിക്കും തിരക്കും ഉണ്ടായി. അഞ്ചു വര്‍ഷത്തിനു അംഗസംഖ്യ 72,000 കവിഞ്ഞു. 2010 ആയപ്പോഴേക്കും ഇത് ഒരു ലക്ഷത്തിമുപ്പത്തിആറായിരം കവിഞ്ഞു. പദ്ധതിയില്‍ ചേരുന്നവര്‍ക്കു പണമടക്കുന്നതിനു വേണ്ടിയുള്ള ഒരു പേപ്പര്‍ കാര്‍ഡ് മാത്രമാണ് നല്‍കിയിരിക്കുന്നത്.ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തുന്പോള്‍ വ്യക്തമായ രേഖകള്‍ അംഗത്തിനു നല്‍കണമെന്ന വ്യവസ്ഥ ഉണ്ട്. ഇത്തരത്തില്‍ യാതൊന്നും നല്‍കിയിരുന്നില്ല. സംഭവത്തിൽ വിജിലൻസ് അന്വേഷമം ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ഒരു മുന്‍ രാഷ്ട്രപതിയുടെ പേരിട്ട പദ്ധതി ഇങ്ങനെ കബളിപ്പിക്കലായിപ്പോയത് ആ മഹദ് വ്യക്തിയോടുള്ള അനാദരവ് കൂടിയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.