വെറും 10 ദിവസം, ബജറ്റിന്‍റെ 4 ഇരട്ടി കളക്ഷന്‍! സ്വപ്‍ന വിജയത്തിലേക്ക് ‘കാന്താര’, ഇതുവരെ നേടിയത്

Spread the love

കോട്ടയം: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കാന്താര: ചാപ്റ്റര്‍ 1. അത് കേവലം പിആര്‍ സൃഷ്ടി ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ ദിനം പ്രതി കയറിപ്പോകുന്ന ചിത്രം ഇപ്പോഴിതാ ഒരു നിര്‍ണ്ണായക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായും എത്തിയ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 2 ന് ആയിരുന്നു. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണിത്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 554.5 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 474.5 കോടിയാണ്. ഇന്ത്യന്‍ നെറ്റ് 398.15 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള നേട്ടം 80 കോടിയും. അഞ്ച് ഭാഷകളില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഏറ്റവും കളക്ഷന്‍ വന്നത് കന്നഡയില്‍ നിന്നല്ല, മറിച്ച് ഹിന്ദി പതിപ്പില്‍ നിന്നാണ്.

ഹിന്ദി പതിപ്പ് ആദ്യ 10 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 130 കോടിയാണ്. തൊട്ടുപിന്നില്‍ കന്നഡ പതിപ്പും ഉണ്ട്. 125.7 കോടിയാണ് കന്നഡ പതിപ്പ് ഇതുവരെ നേടിയ കളക്ഷന്‍. തെലുങ്ക് പതിപ്പ് 72.05 കോടിയും തമിഴ് പതിപ്പ് 38.75 കോടിയും നേടി. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനുകളാണ് ഇവയെല്ലാം. 125 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് ഇത്. അതായത് ബജറ്റിന്‍റെ നാലിരട്ടിയിലേറെയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 ദിവസം കൊണ്ട് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്.

നിലവിലെ ട്രെന്‍ഡ് നോക്കിയാല്‍ വലിയ ഡ്രോപ്പ് ചിത്രത്തിന് സംഭവിച്ചിട്ടില്ല എന്ന് കാണാം. അതിനാല്‍ത്തന്നെ ഫൈനല്‍ ഫിഗര്‍ ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. കേരളമുള്‍പ്പെടെയുള്ള എല്ലാ മാര്‍ക്കറ്റുകളിലെയും വിതരണക്കാര്‍ക്കും വലിയ നേട്ടമാണ് കാന്താര ചാപ്റ്റര്‍ 1 സമ്മാനിച്ചിരിക്കുന്നത്. റിഷഭ് ഷെട്ടിക്കൊപ്പം ജയറാം, രുക്മിണി വസന്ദ്, ഗുല്‍ഷന്‍ ദേവയ്യ, രമിത ശൈലേന്ദ്ര, പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.