
കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ നടത്തിയത്.
മധുസൂദനൻ എംഎൽഎ പയ്യന്നൂർ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കാലയളവിൽ നടന്ന മൂന്ന് പ്രധാന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചാണ് വി. കുഞ്ഞികൃഷ്ണൻ വെള്ളിയാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലാണ് തിരിമറി നടന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
സിപിഎം രക്തസാക്ഷി സി.വി. ധനരാജിന്റെ കുടുംബസഹായത്തിനായി പിരിച്ച ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ വകമാറ്റി ചെലവാക്കി. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവിലും ചിട്ടിയിലും നിന്ന് 72 ലക്ഷം രൂപ വകമാറ്റുകയോ തട്ടിയെടുക്കുകയോ ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ഒരു കോടി ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
ഇതോടൊപ്പം സിപിഎം നിയന്ത്രണത്തിലുള്ള റൂറൽ ബാങ്കിന് വേണ്ടി, ഏക്കറിന് മൂന്ന് ലക്ഷം രൂപ മാത്രം വിലയുള്ള ഭൂമി എട്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും ടി.ഐ. മധുസൂദനന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലായിരുന്ന ഈ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായിരുന്നുവെന്നും അതിനാൽ തന്നെ ഇതിപ്പോൾ ഉപയോഗശൂന്യവുമായിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ച് പ്രവർത്തിക്കുന്ന ഒരു പാർട്ടി ആ ഫണ്ടിൽ കൃത്രിമം കാണിക്കുക എന്ന് പറഞ്ഞാൽ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കമ്മറ്റിയുടെ സെക്രട്ടറി ടി.ഐ മധുസൂദനനായിരുന്നു. കൃത്യമായി വരവ് ചെലവ് കണക്കുകൾ തയ്യാറാക്കി അവതരിപ്പിക്കാനുള്ള ബാധ്യത അദ്ദേഹത്തിനാണ്. ഒരു കണക്ക് കമ്മിറ്റിയിൽ അവതരിപ്പിച്ചു.
പയ്യന്നൂരിലെ സഹകരണ ജീവനക്കാർ ഒരു മാസത്തെ വേതനമാണ് ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി സംഭാവന ചെയ്തത്. അതിൽ ഒരു നായപൈസ വരവിലില്ല. സഹകരണ ജീവനക്കാരിൽ നിന്ന് ലഭിച്ച തുക മാത്രം വരും 70 ലക്ഷം രൂപ.
ആ 70 ലക്ഷം വരവില്ലാത്തിടത്താണ് 35 ലക്ഷം ധൻരാജ് ഫണ്ടിൽ നിന്ന് വകമാറ്റി കെട്ടിട നിർമാണം പൂർത്തീകരിച്ചു എന്ന് പറയുന്നത്. ഈ 70 ലക്ഷം ഉൾപ്പെടുത്തിയാൽ 35 ലക്ഷം ധൻരാജ് ഫണ്ടിൽ നിന്ന് വകമാറ്റേണ്ട കാര്യമില്ല. 35 ലക്ഷം ബാക്കിയും ഉണ്ടാകുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു.
2016 ജനുവരിയിലാണ് ധനരാജ് ഫണ്ട് പിരിവ് നടക്കുന്നത്. അതുവരെ എല്ലാം കൈകാര്യം ചെയ്തത് അന്ന് ഏരിയ സെക്രട്ടറിയായിരുന്ന ടി.ഐ മധുസൂധനൻ തന്നെയായിരുന്നു. ആ നിലയിൽ തിരിമറിയുടെ ഉത്തരവാദിത്തവും ഏരിയ സെക്രട്ടറിക്കാണ്.
പിന്നീട് കെ.പി മധു ഏരിയ സെക്രട്ടറി ആയി വന്നു അതിനുശേഷമുള്ള കാര്യങ്ങളിൽ കെ.പി മധുവിനും ഉത്തരവാദിത്തമുണ്ട്. കെട്ടിട നിർമാണ ഫണ്ടിൽ പിരിവിനുള്ള രസീതിൽ എംഎൽഎ തിരിമറി നടത്തി.
വ്യാജ രസീത് പ്രിന്റ് ചെയ്യിച്ചു. വരവിലും ചെലവിലും ക്രമക്കേടുകൾ കണ്ടെത്തിയെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.



