യുവതി ആത്മഹത്യ ചെയ്ത സംഭവം ; മരണത്തിന് പിന്നിൽ നഗ്നദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ് ; പ്രതിയെ കുടുക്കാൻ സഹായിച്ചത് ആത്മഹത്യകുറിപ്പിലെ ‘വെട്ടിയിട്ട’ സൂചനകൾ
സ്വന്തം ലേഖകൻ
കണ്ണൂർ : കണ്ണൂരിൽ എട്ടുമാസം മുൻപ് യുവതിയായ വീട്ടമ്മ ആത്മഹത്യ ചെയ്യാൻ കാരണം സൈബർ കെണിയെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കീഴ്ത്തള്ളി സ്വദേശി ജിതിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ആത്മഹത്യക്കുറിപ്പിലെ വെട്ടിയിട്ട സൂചനകളാണ് എട്ടുമാസങ്ങൾക്ക് ശേഷം കേസിൽ പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്.
കഴിഞ്ഞ മെയ്മാസത്തിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം കേസ് ഏറ്റെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആത്മഹത്യക്കുറിപ്പിലെ ഒരു ഭാഗം പേനകൊണ്ട് തന്നെ വെട്ടിയിരുന്നത് അന്വേഷണസംഘം പ്രത്യേകം ശ്രദ്ധിച്ചു. ഈ വാചകങ്ങൾ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്നാണെന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ എഫ്ബി അക്കൗണ്ട് ഡിലിറ്റ് ചെയ്തതായും കണ്ടെത്തി. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേയ്ക്ക് യുവതി തന്റെ നഗ്‌നദൃശ്യങ്ങൾ അയച്ചതായി വ്യക്തമായി. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ശേഖരിച്ചുള്ള അന്വേണമാണ് പ്രതിയിലേയ്ക്ക് പൊലീസിനെ എത്തിച്ചത്.
നഗ്‌നദൃശ്യങ്ങൾ ഉപയോഗിച്ച് ജിതിൻ യുവതിയെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതിൽ മനംമടുത്താണ് യുവതി ആത്മഹത്യചെയ്തതെന്ന് പൊലീസ് പറയുന്നു. വ്യാജ എഫ്ബി അക്കൗണ്ടുകളിലൂടെ ജിതിൻ നിരവധി യുവതികളെ കുടക്കിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താണ് അന്വേഷണസംഘത്തിന്റെ തീരുമാനം.