ക്രിമിനല്‍ പ്രവർത്തനങ്ങളുടെ ആരോപണങ്ങള്‍ കടുക്കുമ്പോള്‍ അതില്‍ ഉള്‍പ്പെട്ടവരെ തള്ളിപ്പറയുന്നതും, വിവാദം കെട്ടടങ്ങുമ്പോള്‍ സംരക്ഷണം ഒരുക്കുന്നതും പാർട്ടികളുടെ സ്ഥിരം പരിപാടി ;പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകർ അറസ്റ്റിലായെങ്കിലും സിപിഎം ബന്ധം പാടേ നിഷേധിച്ച്‌ നേതാക്കൾ ;  കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൻ്റെ നാള്‍വഴികൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കുണ്ടായ സ്ഫോടനത്തിലാണ് സിപിഎം പ്രവർത്തകനായ പാനൂർ മുളിയാത്തോട് എലികൊത്തിന്റവിട ഷെറിൻ (31) മരിച്ചത്.

നാലുപേർക്ക് ഗുരുതര പരുക്കുണ്ട്. പാനൂർ മുളിയാത്തോടിലെ പണിതീരാത്ത വീടിന് മുകളില്‍ ബോംബ് ഉണ്ടാക്കുമ്ബോഴാണ് പൊട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വേറെയും സിപിഎമ്മുകാർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ചിലർ ഒളിവിലുമാണ്. എന്നാല്‍ ഇവരുടെ സിപിഎം ബന്ധം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാടേ നിഷേധിച്ച്‌ കഴിഞ്ഞു. പാർട്ടി സഖാക്കളെ ആക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് ഉണ്ടാക്കിയവരെരെന്നും വളരെ മുൻപേ തന്നെ പാർട്ടി അവരെ തള്ളിപ്പറഞ്ഞതാണ് എന്നുമാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്ബതു വർഷംമുമ്ബ്, 2015 ജൂണ്‍ ഏഴിന് ഇപ്പോള്‍ സ്ഫോടനമുണ്ടായതിന് അഞ്ചുകിലോമീറ്റർ അകലെ ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ സമാനമായ വിധത്തിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്ബില്‍ ഷൈജു (32), വടക്കെകരാല്‍ സുബീഷ് (29) എന്നിവർ. രണ്ടുപേർ പരുക്കേറ്റ് ആശുപത്രിയിലും ആയിരുന്നു. ബോംബ്
നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസുമായി ഒരു ബന്ധവുമില്ല എന്നായിരുന്നു പാർട്ടി അക്കാലത്ത് സ്വീകരിച്ച നിലപാട്.

പാര്‍ട്ടിവിരുദ്ധ പ്രചാരവേലയ്ക്കായി ഈ സംഭവം ഉപയോഗിക്കുന്നുണ്ട് എന്നും സ്‌ഫോടനത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നാണ് അന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പഠിച്ച ശേഷമേ പ്രതികരിക്കാം എന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ നിലപാട്.

ഇതിന് ശേഷം മൂന്നുവർഷം കഴിഞ്ഞ് തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഒരുക്കിയിരുന്ന 577 രക്തസാക്ഷികളുടെ ചിത്രങ്ങള്‍ക്കൊപ്പം പൊയിലൂരിലെ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട ഷൈജുവിൻ്റേയും സുബീഷിൻ്റേയും ചിത്രങ്ങളും ഉണ്ടായിരുന്നു. “2015 ജൂണ്‍ 7ന് ആർഎസ്‌എസ് അക്രമണങ്ങളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങള്‍ക്കിയില്‍ കൊല്ലപ്പെട്ടു” എന്നാണ് ഇരുവരുടെയും ഫോട്ടോയ്ക്കു താഴെ എഴുതിയിരുന്നത്. പാർട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രക്തസാക്ഷിപ്പട്ടികയിലും ഇവരുടെ പേരുകളുണ്ട്.

ക്രിമിനല്‍ പ്രവർത്തനങ്ങളുടെ പേരില്‍ സിപിഎം പ്രതിസ്ഥാനത്തായി ആരോപണങ്ങള്‍ കടുക്കുമ്ബോള്‍ അതില്‍ ഉള്‍പ്പെട്ടവരെ തള്ളിപ്പറയുന്നതും, വിവാദം കെട്ടടങ്ങുമ്ബോള്‍ അവർക്ക് സംരക്ഷണം ഒരുക്കുന്നതും പാർട്ടികളുടെ സ്ഥിരം പരിപാടിയാണ്. പ്രത്യേകിച്ച്‌ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൻ്റെ നാള്‍വഴികളാണ് ഈ ചേർത്തുനിർത്തല്‍ കൂടുതല്‍ തെളിഞ്ഞുകാണുന്നത്. വെള്ളിയാഴ്ചത്തെ പാനൂർ പൊട്ടിത്തെറിയില്‍ മരിച്ചവരെ പാർട്ടി സംസ്ഥാന സെക്രട്ടറി തള്ളിപ്പറയുമ്ബോഴും അവരുടെ വീടുകളില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ എത്തിയത് ഒട്ടും യാദൃഛികമല്ല എന്നർത്ഥം.