
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; കരച്ചിൽ കേട്ട് പിതാവ് എത്തിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെട്ടു; ഇരു കൈകൾക്കും മുറിവേറ്റ യുവതി ആശുപത്രിയിൽ ; അന്വേഷണം
സ്വന്തം ലേഖകൻ
കണ്ണൂർ: കൂത്തുപറമ്പിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. കളരിമുക്ക് മയിച്ചാൽ റോഡിലെ എൻ.കെ.ഷിമിയാണ് ആക്രമണത്തിന് ഇരയായത്. ഓട്ടോയിൽ യുവതിയുടെ വീട്ടിൽ എത്തിയ മാലൂർ സ്വദേശിയായ നൗഫൽ (38) ആണ് ആക്രമണം നടത്തിയത്.ഇരു കൈകൾക്കും മുറിവേറ്റ യുവതിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം. വീട്ടിൽ എത്തിയ നൗഫൽ കിടപ്പുമുറിയിൽ ഇരിക്കുകയായിരുന്ന ഷിമിയുടെ ഇരു കൈകളിലും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. ഷിമിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പിതാവ് ചന്ദ്രനെ കണ്ടതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ ഷിമിയെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിമിയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്. ഭർത്താവിനു വേണ്ടി വാങ്ങിയ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കൂത്തുപറമ്പ് സിഐ ശ്രീഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു