കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ; ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു സൂചന. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു ഇയാൾ.

ഇന്നു രാവിലെ 5.10നു പുറപ്പെടുന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ലോക്കോ പൈലറ്റ് ആയി പോകേണ്ടതായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ്, ലോക്കോ റണ്ണിങ് റൂമിൽ ജീവനക്കാർ വിളിക്കാനായി എത്തിയപ്പോൾ അദ്ദേഹത്തെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തി. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി.

രാവിലെ 6.20ന് പുറപ്പെടുന്ന കോയമ്പത്തൂർ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്, ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ചുമതല നൽകി. കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽ എത്തിയ ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് കോയമ്പത്തൂർ എക്സ്പ്രസിന്റെ ചുമതലയും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group