
കണ്ണൂർ: അബുദാബിയിലെ ഫ്ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കണ്ണൂർ ജില്ലയിലെ അലവില്‍ സ്വദേശിനിയായ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മരണത്തിന് പിന്നില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അലവില്‍ കുന്നാവിനു സമീപം മൊട്ടമ്മല്‍ ഹൗസില്‍ പരേതനായ സുബ്രഹ്മണ്യന്റെയും സുമയുടെയും മകള്‍ എംപി മനോഗ്നയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയാണ് മരണം നടന്നതെന്നാണ് സൂചന. ഈ സമയം നാട്ടിലുള്ള ബന്ധുക്കൾ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസംകഴിഞ്ഞ് വിവരമറിയിച്ചതിനെ തുടർന്ന് അബുദാബിയിലുള്ള ബന്ധുക്കള്‍ അന്വേഷിച്ചു എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ഭർത്താവ് ലിനേക് അപ്പോഴും ഫ്ളാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്‌ച്ച രാത്രി ഇവരുടെ ഫ്ളാറ്റില്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ അബുദാബി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. 2021- ഏപ്രില്‍ 17നാണ് ലിനേകും മനോഗ്നയും വിവാഹിതരാവുന്നത്.
ഒന്നര വർഷം മുമ്പ് അബുദാബിയിലെത്തിയ മനോഗ്ന വെബ് ഡവലപ്പറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരാണ് ലിനേക്. പോസ്റ്റുമോർട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ലിനേക് ഇപ്പോൾ അബുദാബി പോലിസിന്റെ കസ്റ്റഡിയിലാണ്.