കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടുത്തം; 100 മീറ്റർ അകലെ ഇന്ധന സംഭരണ കേന്ദ്രം..!! ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് എൻഐഎ..!! ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തിൽ ഒഴിവായത് വൻദുരന്തം. തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. അതിനാൽ അന്വേഷണ ഏജൻസികൾ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോർട്ട്. ഫോറൻസിക് പരിശോധന കഴിഞ്ഞാൽ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നാണ് റെയിൽവേയുടെ വിശദീകരണം.
അതിനിടെ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേർന്നുള്ള ചില്ല് തകർത്ത നിലയിൽ കണ്ടെത്തി. കോച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുൻപ് കാനുമായി ബോഗിയിലേക്ക് ഒരാൾ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിപിസിഎൽ ഇന്ധനസംഭരണശാലയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേർന്നുള്ള ചില്ല് തകർത്ത്, അതുവഴിയാകാം കോച്ചിന് തീയിടാൻ ഇന്ധനം ഒഴിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീപിടിച്ച കോച്ച് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. അതിനിടെ സംഭവത്തെ കുറിച്ച് റെയിൽവേ പൊലീസിൽ നിന്ന് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായും റിപ്പോർട്ടുണ്ട്. എലത്തൂർ ട്രെയിൻ തീവയ്പ് കേസ് ഇപ്പോൾ എൻഐഎയാണ് അന്വേഷിക്കുന്നത്. ഷാറുഖ്
സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി ഒന്നരയോടെ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എൻജിൻ വേർപെടുത്തിയ ശേഷം ജനറൽ കംപാർട്ട്മെന്റിലെ ബോഗിയിൽ തീപിടിത്തമുണ്ടായതാണ് ദുരൂഹത വർധിപ്പിക്കുന്നത്. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആർക്കും പരിക്കില്ല.
എൻജിൻ വേർപെടുത്തിയ ശേഷം ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. അതിനാൽ റെയിൽവേ പൊലീസ് അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോർട്ട്. എൻജിനുമായി ബന്ധമില്ലാത്ത സ്ഥിതിക്ക് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കുറവാണെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഷോർട്ട് സർക്യൂട്ട് സാധ്യത പൂർണമായും റെയിൽവേ പൊലീസ് തള്ളുന്നുമില്ല.
രാത്രി പതിനൊന്നോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ഒരു ബോഗിയാണ് പൂർണമായും കത്തിനശിച്ചത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി.