video
play-sharp-fill
സംസ്ഥാന രാഷ്ട്രീയത്തില്‍ ഒന്നുകൂടി പിടിമുറുക്കി കണ്ണൂര്‍; കരുത്തരെല്ലാം കണ്ണൂരിൽ നിന്ന്…!

സംസ്ഥാന രാഷ്ട്രീയത്തില്‍ ഒന്നുകൂടി പിടിമുറുക്കി കണ്ണൂര്‍; കരുത്തരെല്ലാം കണ്ണൂരിൽ നിന്ന്…!

സ്വന്തം ലേഖകൻ

കണ്ണൂർ: കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്ന മണ്ണ് എന്നതിനപ്പുറം എ.കെ.ജി. അടക്കം തലയെടുപ്പുള്ള നിരവധി നേതാക്കളെ സംഭാവന ചെയ്ത കണ്ണൂര്‍ ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒന്നുകൂടി പിടിമുറുക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നാട്ടില്‍ നിന്ന് ഇടതു മുന്നണി കണ്‍വീനറായി ഇ.പി.ജയരാജന്‍ കൂടി എത്തുന്നു എന്നത് തന്നെയാണ് കണ്ണൂരിനെ വേറെ ലെവലിൽ എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിന്റെ പ്രധാന കോട്ടയായി കരുതുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള നേതാക്കളാണ് ഇപ്പോൾ ഭരണത്തിന് പുറത്തും അകത്തും. സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജന് ഇടത് മുന്നണി കണ്വീനറാവുന്നതോടെ പാർട്ടി, മുന്നണി, ഭരണം എന്നിവയുടെ താക്കോല്‍ സ്ഥാനങ്ങള്‍ കണ്ണൂരുകാരുടെ കൈകളിലായി.

സിപിഎമ്മിൽ മാത്രമല്ല കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്നതും കണ്ണുരുകാർ തന്നെയാണ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കണ്ണൂരിൽ നിന്നുള്ള കരുത്തരാണ്.

കെ. സുധാകരനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരനും ഉള്‍പ്പെടെ ഏഴ് എംപിമാര്‍ ഉള്ള ജില്ല കൂടിയാണ് കണ്ണൂര്‍. എം.കെ. രാഘവൻ, കെ.സി. വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ഡോ.വി.ശിവദാസ്, അഡ്വ.പി.സന്തോഷ് കുമാർ എന്നിവർ. കണ്ണൂര്‍ ജില്ലയില്‍ മണ്ഡലം വരുന്നതിനാല്‍ കെ.മുരളീധരനെയും രാജ് മോഹന്‍ ഉണ്ണിത്താനെയും ഭാഗികമായി കണ്ണൂരിൻ്റെ കണക്കില്‍ ചേര്‍ക്കാം.

ഇടത് മുന്നണിയുടെ രണ്ടാം തുടർഭരണത്തിന് കണ്ണൂർ ജില്ലക്കാരനായ പിണറായി വിജയൻ നേതൃത്വം നൽകുമ്പോൾ ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അമരക്കാരൻ കോടിയേരി ബാലകൃഷ്ണനാണ്. ഏറ്റവും ഒടുവിലായി എൽഡിഎഫ് കണ്വീനര്‍ ഇ.പി. ജയരാജനും ചുമതലയേൽക്കുന്നതോടെ മുന്നണി സംവിധാനത്തിലെ നിർണായക സ്ഥാനവും കണ്ണൂരിലേക്കെത്തുന്നു. സിപിഎം സെക്രട്ടറിയേറ്റിൽ കൂടുതൽ ചർച്ചകൾ തുടരുകയാണ്. വിവരങ്ങള്‍ അനുസരിച്ച്‌ സിപിഎമ്മിൽ സമ്പൂര്‍ണ മേധാവിത്വം കണ്ണൂർ നേടും.

ദേശാഭിമാനിയുടെ തലപ്പത്തേക്ക് പിണറായിയുടെ വിശ്വസ്തനായ ദിനേശൻ പുത്തലത്തിനെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് പുത്തലത്ത്. പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെയും നിയമിക്കാന്‍ തീരുമാനം ആയതോടെ കണ്ണൂര്‍ നേതാക്കള്‍ക്കിത് സുവര്‍ണകാലമാണ്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണൂരുകാരനായ മുന്‍ എംപി കെ.കെ. രാഗേഷാണ്. എകെജി സെന്ററിലെ സെക്രട്ടറി കണ്ണൂരുകാരൻ ബിജു കണ്ടകൈയും. അങ്ങനെ എല്ലാ അർഥത്തിലും കണ്ണൂരുകാരുടെ ഭരണമാകും പാർട്ടിയിലും സർക്കാരിലും.

ഡിവൈഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. സനോജ്, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ, കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൽ പനോളി എന്നിവരും കണ്ണുരുകാർ തന്നെയാണ്. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ബാലാവകാശ ചെയർമാൻ അഡ്വ.മനോജ് കുമാർ എന്നിവരാണ് സർക്കാർ തലത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന കണ്ണൂര്‍ സ്വദേശികള്‍.