കണ്ണൂരിൽ യുവദമ്പതികൾ മരിക്കാനിടയായ കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലം; കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയും അപകടത്തിന്റെ കാഠിന്യം കൂട്ടി
സ്വന്തം ലേഖകൻ
കണ്ണൂർ : കാർ കത്തി യുവദമ്പതികൾ മരിക്കാനിടയായ സംഭവം ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. തീ ആളിപ്പടരാൻ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും കണ്ണൂർ ആർ.ടി.ഒ.വിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കാറിൽനിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേകമായി നിയോഗിച്ച സംഘത്തിൽ കണ്ണൂർ ആർ.ടി.ഒ. ഇ.എസ്.ഉണ്ണികൃഷ്ണനുപുറമെ, എം.വി.ഐ.മാരായ പി.വി.ബിജു, ജഗൻലാൽ എന്നിവരാണുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘം സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ അപകടത്തിനിടയായ കാർ തിങ്കളാഴ്ച പരിശോധിച്ചിരുന്നു.ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. അപകടത്തിൽ കുറ്റ്യാട്ടൂർ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗർഭിണിയായിരുന്ന ഭാര്യ റീഷ (26)എന്നിവരാണ് മരിച്ചത്.