
കണ്ണൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; വനിതകൾ അടക്കമുള്ള പ്രവർത്തകർക്ക് മർദ്ദനമേറ്റു ; സംഘർഷം കൈവിട്ടതോടെ പ്രവർത്തകർക്ക് നേരെ ലാത്തി വീശി
കണ്ണൂർ: ശ്രീകണ്ഠപുരത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വനിതകൾ അടക്കമുള്ള യു.ഡി.എഫ് വോട്ടർമാർക്ക് മർദ്ദനമേറ്റു. സി.പി.ഐ.എം പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. അട്ടിമറി ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
തെരഞ്ഞെടുപ്പ് നടന്ന എരുവേശ്ശി കെ.കെ.എൻ.എം സ്കൂളിൽ രാവിലെ മുതൽ സംഘർഷം. വോട്ട് ചെയ്യാൻ എത്തിയ വനിതകൾ അടക്കമുള്ള യു.ഡി.എഫ് പ്രവർത്തകരെ സി.പി.ഐ.എം പ്രവർത്തകർ തടഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തതോടെ സംഘർഷം ആരംഭിച്ചത്. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈല ജോയ് അടക്കമുള്ളവർക്ക് മർദ്ദനമേറ്റു.
സംഘർഷം കൈവിട്ടതോടെ സി.പി.ഐ.എം പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വ്യാപക അക്രമവും കള്ളവോട്ടും നടന്നതായി സജീവ് ജോസഫ് എംഎൽഎ ആരോപിച്ചു. യു.ഡി.എഫ് ഭരിച്ചിരുന്ന സഹകരണ ബാങ്ക് കഴിഞ്ഞ തവണയാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് ബഹിഷ്കരണത്തോടെ ഇത്തവണയും ബാങ്ക് ഭരണം എൽ.ഡി.എഫിന് ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
