play-sharp-fill
കണ്ണൂർ സെൻട്രൽ ജയിലിൽ ഋഷിരാജ് സിംഗിന്റെ മിന്നൽ പരിശോധന; കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ ഋഷിരാജ് സിംഗിന്റെ മിന്നൽ പരിശോധന; കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തു

സ്വന്തംലേഖിക

പളളിക്കുന്ന്: കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു. കത്തികളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡുകൾ നടന്നത്. ഐ.ജി അശോക് യാദവ്, കണ്ണൂർ എസ് പി എന്നിവർ സിംഗിന് ഒപ്പം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുലർച്ചെ നാല് മണിക്ക് അപ്രതീക്ഷിതമായി ജയിലിൽ എത്തി ഋഷിരാജ് സിംഗ് റെയ്ഡ് നടത്തുകയായിരുന്നു.റെയ്ഡിൽ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകൾ ഡി.ജി.പി പുറത്ത് വിടും. ജയിലിനുള്ളിൽ ഇത്തരത്തിൽ അനധികൃതമായി വിവിധ സംഭവങ്ങൾ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടൻ തന്നെ റെയ്ഡ് നടത്തിയത്. മാത്രമല്ല തടവുകാരെ പ്രത്യേകം എസ്‌കോർട്ട് ഇല്ലാതെ പുറത്തും മറ്റും ജയിൽ അധികൃതർ വിടുന്നുവെന്നും മറ്റാളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കുന്നതായും അദ്ദേഹത്തിന് പരാതി ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഋഷിരാജ് സിംഗ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.ഇതിന് മുൻപ് ജയിലിലേക്ക് ടി.വി കൊണ്ടുപോയ കാര്യം വിവാദമായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പിന്നെ തുടർ നടപടികൾ ഉണ്ടായില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഋഷിരാജ് സിംഗ് ഏതാനും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. റെയ്ഡിൽ നിരവധി ക്രമക്കേടുകൾ ജയിലിൽ അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെന്നും അധികം താമസിയാതെ തന്നെ ഇതിനെതിരെ അദ്ദേഹം നടപടി സ്വീകരിക്കും എന്നുമാണ് അറിയുന്നത്. തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിലും സമാനമായ രീതിയിൽ പരിശോധന നടന്നു.