മൂന്നു മാസക്കാലമായി നാടുവിറപ്പിച്ച കൂറ്റൻ പരുന്ത് ഒടുവിൽ നാട്ടുകാരുടെ വലയിൽ
സ്വന്തം ലേഖകൻ
മാവേലിക്കര: കണ്ണമംഗലം തെക്ക് ഗ്രാമവാസികളുടെ പേടിസ്വപ്നമായിരുന്ന കൂറ്റൻ പരുന്ത് ഒടുവിൽ നാട്ടുകാരുടെ വലയിൽ കുടുങ്ങി. മൂന്നുമാസമായി ഇവിടെ പരുന്തിന്റെ വിളയാട്ടമായിരുന്നു. രാവിലെയും വൈകുന്നേരം നാലിനുശേഷവും ആരും പുറത്തിറങ്ങാറില്ലായിരുന്നു.
അത്യാവശ്യത്തിന് പുറത്തിറങ്ങേണ്ടിവന്നവർ ഹെൽമെറ്റും കുടയുമൊക്കെ രക്ഷാകവചമായി കൂടെക്കരുതി. എന്നിട്ടും ഇരുപതോളം പേർ കൊത്തുകൊണ്ട് ചികിത്സ തേടി. സഹികെട്ടാണ് നാട്ടിലെ ചെറുപ്പക്കാർ വലയുമായി രംഗത്തിറങ്ങിയത്. പരുന്ത് കുടുങ്ങിയ വിവരം വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം അവരെത്തി ഏറ്റുവാങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാളിയേക്കൽ കുമാറിനെ പരുന്ത് ആക്രമിച്ചത് തിങ്കളാഴ്ച വൈകുന്നേരമാണ്. തോളിലും മുഖത്തും ആഴത്തിൽ മുറിവുണ്ട്. കുമാറിന്റെ ഭാര്യ മായയ്ക്ക് പലപ്രാവശ്യം കൊത്തുകൊണ്ടു. കൈയിലും തലയിലുമെല്ലാം പരിക്കേറ്റ ഇവർ ചികിത്സ തേടിയിരുന്നു. കുമാറിന്റെ വീട്ടുപറമ്പിലായിരുന്നു അടുത്ത ദിവസങ്ങളിലായി പരുന്ത് താവളമടിച്ചിരുന്നത്.
മൂന്നുമാസം മുൻപാണ് പ്രദേശത്ത് ഈ പരുന്തിനെ കണ്ടുതുടങ്ങിയത്. ആദ്യം ചിലരെ കൊത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കാര്യമായെടുത്തില്ല. എന്നാൽ, പിന്നീട് കണ്ണിൽ കാണുന്നവരെയെല്ലാം ആക്രമിച്ചു തുടങ്ങി.
കണ്ണമംഗലം അനുഗ്രഹയിൽ റോസമ്മ (44), തേവലപ്പുറത്ത് ശോഭ (32), മകൻ അഭിൻ (11), തേവലപ്പുറത്ത് ജൈനു (26), അനുഗ്രഹയിൽ കോളശ്ശേരിൽ അയാൻ (മൂന്ന്) അങ്ങനെ നിരവധിപേർ. വീട്ടുമുറ്റത്തും പറമ്പിലും കളിച്ചുകൊണ്ടുനിന്ന കുട്ടികളെ പലപ്രാവശ്യം ആക്രമിക്കാൻ ശ്രമിച്ചു. ചില കുട്ടികൾക്ക് കൊത്തുകൊണ്ടു. ചിലർക്ക് വീണുപരിക്കേറ്റു.
അടുത്ത ദിവസങ്ങളായി കുട്ടികൾ കളിക്കാൻ പോകാതെയായി. സ്‌കൂൾ വിട്ടുവരുന്ന കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കൾ കുടചൂടി കാത്തുനിൽക്കുകയായിരുന്നു. സഹികെട്ട ഗ്രാമവാസികൾ റവന്യൂ അധികൃതരെ വിവരമറിയിച്ചു.
ഡെപ്യൂട്ടി തഹസിൽദാർ ബിനു സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റവരുമായി സംസാരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചെങ്കിലും പറന്നുനടക്കുന്ന പരുന്തിനെ പിടിക്കാൻ വകുപ്പില്ലെന്നായിരുന്നു മറുപടി. ഇതേ തുടർന്നാണ് നാട്ടുകാർ കെണിയൊരുക്കി പിടികൂടിയത്.
‘കണ്ണുകൊത്തിപ്പറിച്ചേനെ, രക്ഷപ്പെട്ടത് ഭാഗ്യം’
പിന്നിലൂടെയെത്തി തോളിൽ കാലിറക്കിയശേഷം എന്റെ കണ്ണിൽ കൊത്താനാണ് ശ്രമിച്ചത്. ഒരുനിമിഷം തലവെട്ടിച്ചതിനാൽ പുരികത്താണ് കൊത്തുകൊണ്ടത്. ആഴത്തിൽ മുറിവേറ്റു.
കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇൻജക്ഷനും മരുന്നും തന്നു. ഒരാഴ്ചയോളം വിശ്രമിച്ചു. ജനുവരി ഒന്നാം തീയതിയായിരുന്നു പരുന്തിന്റെ ആക്രമണം. ഇപ്പോഴും ശരീരവേദനയുണ്ട്. ജോലിചെയ്യാൻ ബുദ്ധിമുട്ടാണ്. കണ്ണിൽ കൊത്താനാണ് പരുന്ത് ശ്രമിച്ചത്. കൊത്തുകൊണ്ട പലർക്കും ഇതേ അനുഭവമാണ്. പ്രദേശത്ത് മൂന്ന് പരുന്തുകളെ കാണാറുണ്ടായിരുന്നു. എങ്കിലും അക്രമകാരിയായത് ഒരെണ്ണം മാത്രമാണ് എന്നും നാട്ടുകാർ പറയുന്നു.