കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് അന്തരിച്ചു; ഓര്‍മയായത് കെജിഎഫിലെ കാസിം ചാച്ച

Spread the love

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ് റായ്.

video
play-sharp-fill

വ്യാഴാഴ്ച ബെംഗളൂരുവിലെ കിഡ്വായ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. ഉപേന്ദ്ര സംവിധാനം ചെയ്ത് ശിവരാജ്കുമാര്‍ നായകനായ ഓം എന്ന ചിത്രം റിലീസായതിനു പിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.

 

കന്നഡ സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. 1990 കളിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പേര് അദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. പിന്നീട് തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ റായ് വെള്ളിത്തിരയില്‍ തന്റെ ആധിപത്യം സ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഏത് വേഷമായാലും ഹരീഷ് റായ് തന്റെ സ്വഭാവികമായ അഭിനയത്തിലൂടെ അവിസ്മരണീയമാക്കി. യഷ് നായകനായ കന്നഡ ചിത്രം കെജിഎഫിലെ കാസിം ചാച്ചയെന്ന കഥാപാത്രം അദ്ദേഹത്തിന് കന്നഡയ്ക്കു പുറത്തും പ്രശസ്തി നേടിക്കൊടുത്തു.

 

ഓം, സമര, ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്, ജോഡിഹക്കി, രാജ് ബഹദൂര്‍, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര, നല്ല, കൂടാതെ കെജിഎഫിന്റെ രണ്ടു ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളില്‍ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്. ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

 

തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ചികില്‍സയുടെ സാമ്ബത്തിക ഭാരത്തെക്കുറിച്ചും ഹരീഷ് റായ് തുറന്നു പറഞ്ഞിരുന്നു. ഒറ്റ കുത്തിവെപ്പിന് 3.55 ലക്ഷം രൂപ വില വരുമെന്നും, 63 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു സൈക്കിളില്‍ മൂന്നു കുത്തിവെപ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്‌ ഒരു സൈക്കിളിന് 10.5 ലക്ഷം രൂപ ചെലവാകും. സമാനമായ അവസ്ഥയിലുള്ള രോഗികള്‍ക്ക് 20 കുത്തിവെപ്പുകള്‍ വരെ വേണ്ടിവരുമെന്നും, അങ്ങനെയെങ്കില്‍ ചികില്‍സാച്ചെലവ് ഏകദേശം 70 ലക്ഷം രൂപയോളം ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സര്‍ജ എന്നിവരുള്‍പ്പെടെ കന്നഡ സിനിമയില്‍നിന്നുള്ള നിരവധിപ്പേര്‍ ഹരീഷിന് ചികില്‍സാസഹായമെത്തിച്ചിരുന്നു.