
പി.സി.ജോർജ് പൂഞ്ഞാർ വിടും: പി.സി.തോമസ് കാഞ്ഞിരപ്പള്ളിയിൽ: കേരളാ കോൺഗ്രസിൽ ജയരാജ് തന്നെ:2026 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാകാൻ ഒരുങ്ങുകയാണ് കാഞ്ഞിരപ്പള്ളി.
കോട്ടയം: 2026 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാകാൻ ഒരുങ്ങുകയാണ് കാഞ്ഞിരപ്പള്ളി. പി.സി.ജോർജിന്റെ മണ്ഡലം മാറ്റവും പി.സി.തോമസിന്റെ രംഗപ്രവേശവും വലിയ ചർച്ചയാവുകയാണ്.
ഇവിടുത്തെ മത്സരം തീപാറുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കാഞ്ഞിരപ്പള്ളി എന്നാല്‍ പഴയ നിയമസഭാ മണ്ഡലം അല്ല. മുൻ മന്ത്രിയായിരുന്ന കെ. നാരായണകുറുപ്പും, മുൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഒക്കെ നിയമസഭയില്‍ പ്രതിനിധികരിച്ച വാഴൂർ നിയമസഭാ മണ്ഡലം ഇല്ലാതായി അതിൻ്റെ കുറെ ഭാഗങ്ങള്‍ ലയിച്ചതാണ് പുതിയ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്ന് പറയുന്നത്.
പഴയ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മുണ്ടക്കയം പോലുള്ള ഭാഗങ്ങള്‍ പൂഞ്ഞാർ നിയോജകമണ്ഡലത്തിലും പോയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന് വലിയ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്ന് തന്നെയാണ് കാഞ്ഞിരപ്പള്ളി. മുൻ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.ജോർജ് ഇപ്പോള്‍ ബി.ജെ.പി യില്‍ ആണ്. വർഷങ്ങളോളം പി.സി ജോർജ് പൂഞ്ഞാർ മണ്ഡലത്തെയാണ് പ്രതിനിധികരിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായാംഗങ്ങള്‍ ഒറ്റക്കെട്ടായി പി.സി.ജോർജിന് എതിരായി നിന്നിരുന്നതിനാല്‍ ബി.ജെ.പി പിന്തുണയോടെ പൂഞ്ഞാറ്റില്‍ പി.സി.ജോർജ് മത്സരിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം.
പൂഞ്ഞാറില്‍ മത്സരിച്ചാല്‍ ഇക്കുറിയും മുസ്ലിം വിരോധം മൂലം അതുണ്ടാകുമെന്നാണ് പി.സി.ജോർജ് പക്ഷം കരുതുന്നത്. മുസ്ലിം സമുദായംഗങ്ങളെക്കാള്‍ കത്തോലിക്ക വിഭാഗവും നായർ സമുദായാംഗങ്ങളും കൂടുതലുള്ള കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറി മത്സരിക്കാനാണ് പി.സി.ജോർജിൻ്റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
കാഞ്ഞിരപ്പള്ളിയില്‍ പി.സി.ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നാല്‍ കത്തോലിക്ക സഭയുടെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്നാണ് എൻ.ഡി.എ വിഭാഗം കരുതുന്നത്. ഒപ്പം തന്നെ കാസ പോലുള്ള ഗ്രൂപ്പുകളും പി.സി.ജോർജിന് അനുകൂലമായി നിലപാട് എടുത്തേക്കാം. ഇത് പി.സി.ജോർജിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
പി.സി.ജോർജ് ഇപ്പോള്‍ കത്തോലിക്ക സഭയ്ക്ക് അനുകൂലമായി നിലകൊള്ളുന്ന വ്യക്തിയുമാണ് . അതുകൊണ്ട് തന്നെ സഭ പി.സി.ജോർജിന് വേണ്ടി രംഗത്തു വരുമെന്നാണ് ബി.ജെ.പി കരുതുന്നത്. പിന്നെ പഴയ വാഴൂർ മേഖലയിലൊക്കെ ബി.ജെ.പിയ്ക്ക് നിർണ്ണായക സ്വാധീനവും ഉണ്ട്. പി.സി.ജോർജ് മത്സരിച്ചാല്‍ ഇതൊന്നും പുറത്തുപോകില്ലെന്നും അവർ കരുതുന്നു. യു.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ സീറ്റ് കോണ്‍ഗ്രസിനാണ് നല്‍കിയത്. കോണ്‍ഗ്രസിൻ്റെ സീനിയർ നേതാവ് ജോസഫ് വാഴയ്ക്കൻ ആയിരുന്നു ഇവിടുത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി. അതിന് മുൻപ് യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സീറ്റായിരുന്നു ഇത്.
ഇപ്പോഴത്തെ നിയമസഭാ ചിഫ് വിപ്പായ ഡോ. എൻ.ജയരാജ് ആയിരുന്നു അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. വലിയൊരു ഭൂരിപക്ഷത്തില്‍ അന്ന് ജയരാജ് ഇവിടെ നിന്നും വിജയിക്കുന്നതാണ് കണ്ടത്. കെ.എം. മാണി മരിച്ചതിനുശേഷം ജോസ്.കെ.മാണിയും കൂട്ടരും എല്‍.ഡി.എഫില്‍ എത്തിയ ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എൻ.ജയരാജ് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്ത് വരുകയായിരുന്നു. കോണ്‍ഗ്രസ് തങ്ങള്‍ക്ക് ഇത് ഷുവർ സീറ്റെന്ന് കരുതിയെങ്കിലും അപ്പോഴും ജയം എൻ.ജയരാജിന് ഒപ്പം ആയിരുന്നു.
വാഴയ്ക്കനെ വലിയ ഭൂരിപക്ഷത്തില്‍ ജയരാജ് തോല്‍പ്പിക്കുന്നതാണ് കണ്ടത്. ആ സാഹചര്യത്തില്‍ പൊതുവേ കേരളാ കോണ്‍ഗ്രസ് ചായ് വുള്ള മണ്ഡലത്തില്‍ യു.ഡി.എഫില്‍ നിന്ന് ഒരു കേരളാ കോണ്‍ഗ്രസുകാരൻ മത്സരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ മുൻ ആഭ്യന്തരമന്ത്രി പി.ടി ചാക്കോയുടെ മകനും മുൻ മൂവാറ്റുപുഴ എം.പി യുമായ പി.സി തോമസിൻ്റെ പേരാണ് ഉയർന്നു കേള്‍ക്കുന്നത്. കോണ്‍ഗ്രസ് ഈ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്താല്‍ പി.സി.തോമസ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്നാണ് അറിയുന്നത്.
പി.സി.തോമസ് എം.പി ആയിരുന്ന മൂവാറ്റുപുഴ ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതായിരുന്നു കാഞ്ഞിരപ്പള്ളിയും. അതുകൊണ്ട് പി.സി.തോമസിനും ഇവിടെ വലിയ ബന്ധങ്ങള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ കാഞ്ഞിരപ്പള്ളി വലിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക. എല്‍.ഡി.എഫില്‍ എൻ ജയരാജ് തന്നെയാകും സ്ഥാനാർത്ഥി. ഇത് ജോസ്.കെ.മാണി വിഭാഗത്തിൻ്റെ സീറ്റ് തന്നെയാണ്. അവർക്ക് ഇവിടെ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനും പറ്റില്ല.