കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്റെ മാങ്ങ മോഷണം;കേസ് ഒത്തുതീർപ്പാക്കി പോലീസ്;പോലീസിന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം കൂടി…

കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്റെ മാങ്ങ മോഷണം;കേസ് ഒത്തുതീർപ്പാക്കി പോലീസ്;പോലീസിന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം കൂടി…

പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീർന്നു. കേസിലെ തുടർ നടപടികൾ പൊലീസ് അവസാനിപ്പിച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കുറ്റമുണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്നാണ് കോടതിയുടെ നിർദേശം.ഐപിസി 379 വകുപ്പ് പ്രകാരമായിരുന്നു പൊലീസുകാരനായ പി വി ഷിഹാബിനെതിരെ പൊലീസ് കേസ് എടുത്തിരുന്നത്. ഈ കേസിൽ തനിക്ക് പരാതി ഇല്ല എന്ന് കാണിച്ചാണ് കാഞ്ഞിരപ്പളിയിലെ വ്യാപാരി നാസർ കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഇത് പ്രകാരം റിപ്പോർട്ട് പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.പോലീസുകാരൻ പ്രതിയായ മോഷണ കേസ് ഒത്തുതീർക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ നൽകിയിരുന്നു.ഈ റിപ്പോർട്ട് പ്രകാരമാണ് കേസ് ഇന്നത്തേക്ക് പരിഗണിച്ചത്. കേസ് റദ്ദാക്കാനുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇതൊരു സ്വാഭാവിക നടപടിയാണെന്നാണ് അഭിഭാഷകർ പറയുന്നത്.ഇനിയിപ്പോൾ പോലീസുകാരന്റെ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പായത് എങ്ങനെ പൊതുജനങ്ങളോട് വിശദീകരിക്കും പോലീസ് എന്നതാണ് കൗതുകകരമായ കാര്യം.ഒപ്പം മോഷ്ടാവ് സി പി ഒ ഷിഹാബിനെ സേനയിൽ എങ്ങനെ തിരിച്ചെടുക്കുമെന്നതും കൗതുകകകരമായി തുടരുന്നു.