
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ അറ്റകുറ്റപ്പണി;ഒറ്റ ദിവസം കൊണ്ട് അടച്ച കുഴികൾ ഉറയ്ക്കാൻ വേണ്ടത് ഒരാഴ്ച ; ഗതാഗതക്രമീകരണം താളംതെറ്റിയതോടെ വലഞ്ഞ് ജനം
കാഞ്ഞിരപ്പള്ളി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തി. പക്ഷേ, അധികൃതര്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം അപ്പാടെ പാളി.
ചൊവ്വാഴ്ച രാത്രിയിലാണ് ബസ് സ്റ്റാന്‍ഡിലേക്കു ബസുകള്‍ കയറുന്ന പുത്തനങ്ങാടി റോഡിന്റെ കവാടത്തില്‍ കുഴികള്‍ അടയ്ക്കാന്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇതോടെ വാഹനങ്ങള്‍ പ്രവേശിക്കാതെ ബസ് സ്റ്റാന്‍ഡ് കവാടം അടച്ചു. എന്നാല്‍, അധികൃതര്‍ അറിയിച്ചപ്പോലെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ ഒന്നും നടന്നില്ല.
ഒറ്റദിവസം കൊണ്ട് ഇവിടുത്തെ കുഴികള്‍ അടച്ചെങ്കിലും ഇത് ഉറയ്ക്കാനായി ഏതാനും ദിവസങ്ങള്‍ക്കൂടി കവാടത്തിലൂടെയുള്ള ഗതാഗതം തടയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാര്‍ വലഞ്ഞു
പേട്ടക്കവല മുതല്‍ സിവില്‍ സ്റ്റേഷന് വരെയുള്ള ഭാഗത്തു യാതൊരു കാരണവശാലും ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റാനും ഇറക്കാനും പാടില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ബസുകളെല്ലാം സ്റ്റാന്‍ഡിനു മുന്പില് നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തു.
ഇതോടെ കുരിശുകവല വഴി പുത്തനങ്ങാടി റോഡിലൂടെ ബസ് സ്റ്റാന്‍ഡിലെത്തിയ ശേഷം എക്സിറ്റ് റോഡ് വഴി പുറത്തേക്കു പോകണമെന്ന അറിയിപ്പ് പല ബസുകളും പാലിച്ചില്ല. ഇതോടെ സ്റ്റാന്‍ഡില്‍ കാത്തുനിന്ന യാത്രക്കാര്‍ക്കു പല ബസുകളും നഷ്ടമാകുകയും ചെയ്തു. ബസ് എവിടെ എത്തുമെന്നറിയാതെ യാത്രക്കാര്‍ വലഞ്ഞു.
വണ്‍വേയും പാളി?
പുത്തനങ്ങാടി റോഡില്‍ ബാങ്കുപടി മുതല്‍ ബസ് സ്റ്റാന്‍ഡ് ഭാഗം വരെയും ബാങ്കുപടി മുതല്‍ കുരിശുകവല വരെയും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുമെന്നു പറഞ്ഞെങ്കിലും ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ എത്തിയതു കുരിശുകവല, പുത്തനങ്ങാടി റോഡില്‍ ഗതാഗതക്കുരുക്കിനു കാരണമായി.
ഗതാഗതക്കുരുക്ക് വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ചെറിയ വാഹനങ്ങള്‍ ടൗണില്‍ വരാതെ ഇടറോഡുകള്‍ വഴി പോയതുകൊണ്ടാവാം ടൗണില്‍ പൊതുവേ ഗതാഗതത്തിരക്ക് കുറവായിരുന്നു.
ഗതാഗതക്രമീകരണം താളംതെറ്റിയതോടെ ജനങ്ങള്‍ വലഞ്ഞെങ്കിലും വാഹനങ്ങളുടെ എണ്ണം കുറവായിരുന്നതിനാല്‍ ടൗണില്‍ കാര്യമായ കുരുക്ക് ഉണ്ടായില്ല.