കാഞ്ഞിരപ്പള്ളി∙ അമൽജ്യോതി എൻജിനീയറിങ് കോളജിലെ പ്രതിഷേധം; മന്ത്രിതല ചർച്ച പുരോഗമിക്കുന്നു; കോട്ടയം ജില്ലാ പൊലീസ് മേധാവിയെ വിളിച്ചുവരുത്തി; പരിശോധിച്ചശേഷം നടപടിയെന്ന് വി എൻ വാസവൻ ; നീതി ലഭിക്കണമെന്ന് ശ്രദ്ധയുടെ പിതാവ്; കോളേജിന് പുറത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രിതല ചർച്ച പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ വെച്ചാണ് മാനേജ്മെന്റ്, വിദ്യാർത്ഥി പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തുന്നത്. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ, ചീഫ് വിപ് എൻ. ജയരാജ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാൻ കോളജിൽ എത്തിയത്. ആദ്യം വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷം മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും . ക്യാമ്പസിൽ പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ച നടപടി വിവാദം ആയതോടെ മന്ത്രിമാർ പങ്കെടുക്കുന്ന ചർച്ചയിലേയ്ക്കു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനെ വിളിച്ചു വരുത്തി
വിദ്യാർഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. ഇതിനായി സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ.വിനു തോമസ് എന്നിവർ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷൻ സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ കെഎസ്‌യു, എബിവിപി പ്രവർത്തകർ കോളജിനു മുന്നിൽ സമരം നടത്തി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാമിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എബിവിപിയുടെ പ്രതിഷേധ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥി സമരത്തിനു പരിഹാരം കാണാൻ ഗവ. ചീഫ് വിപ് എൻ.ജയരാജ്, ഡിവൈഎസ്പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാർഥികൾ തടഞ്ഞു. പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. അധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം കോളജ് കവാടങ്ങൾ അടച്ച് വിദ്യാർഥികൾ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു.
സ്വാശ്രയ കോളജുകളിൽ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നു മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായഎറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയിൽ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും പിതാവ് മൊഴി നൽകി.