കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം; പുലർച്ചെ രണ്ട് തവണ ശബ്ദം കേട്ടതായി നാട്ടുകാർ..! ആശങ്കയിൽ ജനം
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം. ചേനപ്പാടി ഭാഗത്ത് പുലർച്ച നാലരയോടെ ഉണ്ടായത് വൻ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. അൽപ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി.
പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയും മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂമിയുടെ ഉള്ളിൽനിന്ന് തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും തുടർന്ന് കാലിൽ തരിപ്പ് ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേനപ്പാടി, ലക്ഷംവീട് കോളനി, വിഴിക്കിത്തോട് കടവനാൽക്കടവ് ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് മുഴക്കം കേട്ടത്. ചില വീടുകളിൽ പാത്രങ്ങൾ അനങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. അസാധാരണ പ്രതിഭാസത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.
മുഴക്കം അനുഭവപ്പെട്ട മേഖലകളിൽ ചൊവ്വാഴ്ച ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പരിശോധനയ്ക്കു ശേഷം അറിയിച്ചത്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും അറിയിച്ചിരുന്നു.