
കോട്ടയത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; കാഞ്ഞിരപ്പള്ളിയിലെ അജ്ഫാൻ കുഴിമന്തിക്കടയിൽ നിന്നും ഭക്ഷണം കഴിച്ച കുടുംബം ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിൽ; പഴകിയ ഭക്ഷണം ചൂടാക്കി നൽകിയെന്ന് പരാതി
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കോട്ടയത്ത് വീണ്ടും ഭക്ഷ്യ വിഷബാധ.
കാഞ്ഞിരപ്പള്ളിയിലെ കുഴിമന്തിക്കടയിൽ നിന്നും ഭക്ഷണം കഴിച്ച കുടുംബം ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിൽ. ജനുവരി എട്ടാം തീയതിയാണ് കാഞ്ഞിരപ്പള്ളിയിലെ അജ്ഫാൻ കുഴിമന്തിക്കടയിൽ നിന്നും ഷിഹാബും, മകനും ഭക്ഷണം കഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഭക്ഷണം ഒട്ടിപ്പിടിക്കുന്നതു പോലെ തോന്നിയതിനാൽ ശിഹാബ് വെയിറ്ററെ വിളിച്ചു പരാതിപ്പെട്ടിരുന്നു.
എന്നാൽ പുതിയ ഭക്ഷണം നൽകിയപ്പോൾ അതിലും രുചിഭേദം അനുഭവപ്പെട്ടതിനാൽ മാനേജരോട് പരാതിപ്പെടുകയായിരുന്നു.
ചിലവ് കുറഞ്ഞതിനാൽ ചൂടാക്കിയത് കൊണ്ടുള്ള പ്രശ്നമാണ് എന്ന് മാനേജർ പറഞ്ഞെങ്കിലും, പണം നൽകി ശിഹാബ് പോരുകയാണുണ്ടായത്. ഹോട്ടലിൽ വച്ച് മയോണൈസിന്റെ കാര്യത്തിൽ മറ്റുള്ള ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നുവെന്നാണ് ശിഹാബ് പറയുന്നത്. അതിനെ തുടർന്ന് എല്ലാ ടേബിളിലെയും മയോണൈസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഹോട്ടലിൽ നിന്നും പോരും വഴി പ്ലസ് വണ്ണിന് പഠിക്കുന്ന മകൻ ഛർദ്ദിച്ചിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് ശിഹാബ് കോട്ടയം ഫുഡ് സേഫ്റ്റി വകുപ്പിലും, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ഇമെയിലിൽ വഴി പരാതി കോട്ടയം , എസ് പി ക്കും നൽകി.
രാത്രിയിൽ മകന് വയറ്റിൽ വേദന കലശലായപ്പോഴാണ് മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഴകിയ ഭക്ഷണം വിളമ്പിയ ഹോട്ടൽ ഉടമയ്‌ക്കെതിരെ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ പ്രശ്നം മൂടി വയ്ക്കുവാനുള്ള സംഘടിത ശ്രമം നടക്കുന്നുവെന്നാണ് അറിയുവാൻ കഴിഞ്ഞത്.
കോട്ടയത്ത് സമാനമായ സംഭവത്തിൽ നേഴ്സ് മരിച്ചത് ദിവസങ്ങൾക്കു മുൻപാണ്. ജനങ്ങളുടെ ആരോഗ്യവും ,ജീവനും പുല്ല് വില കൽപ്പിക്കുന്ന ഹോട്ടൽ ഉടമകൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.