കഞ്ഞിക്കുഴിയിൽ സ്‌കൂളിലും മാങ്ങാനത്ത് ഫ്‌ളാറ്റിലും തീപിടുത്തം: കല്ലുപുരയ്ക്കലലിൽ സ്‌കൂളിൽ ഗ്യാസ് ലീക്കായി; നഗരത്തിൽ നെട്ടോട്ടമോടി അഗ്നിരക്ഷാ സേന; വൻ അപകട പരമ്പര

കഞ്ഞിക്കുഴിയിൽ സ്‌കൂളിലും മാങ്ങാനത്ത് ഫ്‌ളാറ്റിലും തീപിടുത്തം: കല്ലുപുരയ്ക്കലലിൽ സ്‌കൂളിൽ ഗ്യാസ് ലീക്കായി; നഗരത്തിൽ നെട്ടോട്ടമോടി അഗ്നിരക്ഷാ സേന; വൻ അപകട പരമ്പര

സ്വന്തം ലേഖകൻ

 

കോട്ടയം: പെരുമഴയിൽ നഗരത്തിൽ മൂന്നടത്ത് തീ പിടുത്തം. രണ്ടു സ്‌കൂളുകളിലും ഫ്‌ളാറ്റിലുമാണ് തീ പിടുത്തമുണ്ടായത്. മാങ്ങാനത്തെ ഫ്‌ളാറ്റിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവങ്ങളെല്ലെല്ലാം. കഞ്ഞിക്കുഴി കവിതാ അപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്ന മണിമല പൊന്തൻപുഴ പുള്ളങ്കാവുങ്കൽ ജെറിൻ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഷോപ്പി സ്ഥാപനത്തിലാണ് തീ പിടുത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാൻ ജെറിൻ ജേക്കബ് എത്തിയപ്പോഴാണ് തീയും പുകയും കണ്ടെത്തിയത്. തുടർന്ന് തീ പിടുത്തം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചു. കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഓൺലൈൻ വഴി ഡിറ്റർജെന്റുകൾ വിൽക്കുന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഈസ്റ്റ് പൊലീസ് കേസെടുത്തു.തിരുവാതുക്കൽ കല്ലുപുരയ്ക്കൽ ഗവ.എൽപി സ്‌കൂളിന്റെ പാചകപ്പുരയിലാണ് ഗ്യാസ് ലീക്കുണ്ടായത്. രാവിലെ കുട്ടികൾക്കായി കഞ്ഞി പാചകം ചെയ്യുമ്പോഴായിരുന്നു അപകടം. തുടർന്ന് ഭയന്നു പോയ സ്‌കൂൾ അധികൃതർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി.അപ്പോഴേയ്ക്കും ഗ്യാസ് ലീക്ക് പരിഹരിച്ചിരുന്നു. കഞ്ഞിക്കുഴി ഹോളിഫാമിലി സ്‌കൂളിന്റെ ഭാഗത്താണ് പോസ്റ്റിൽ നിന്നും തീ പടർന്നത്. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.