കഞ്ചാവ് കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയി; പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കാത്ത സിറ്റി പൊലീസ് മേധാവിക്കെതിരെ കേസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സിറ്റി പൊലീസ് മേധാവിക്കെതിരെ കേസ്. കഞ്ചാവ് കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണ് സിറ്റി പൊലീസ് മേധാവിക്കെതിരെ കേസ്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി.എച്ച് നാഗരാജുവിനെതിരെയാണ് കേസെടുത്തത്. സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നല്‍കുകയോ വേണമെന്നറിയിച്ച് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി സനില്‍ കുമാറിന്‍റേതാണ് ഉത്തരവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ല്‍ വട്ടിയൂര്‍ക്കാവ് പൊലീസ് രജിസ്‌റ്റര്‍ ചെയ്ത കേസില്‍ ഏക പ്രതി സഞ്‌ജിത്ത് കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയി. ഇതേ തുടര്‍ന്ന് പ്രതി ജാമ്യം എടുത്ത സമയത്ത് നിന്ന ജാമ്യക്കാരെ കോടതിയില്‍ വിളിപ്പിച്ചു. പ്രതി സ്ഥലത്ത് തന്നെയുണ്ടെന്നും പൊലീസ് അറസ്‌റ്റ് ചെയ്യുവാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ കോടതി വട്ടിയൂര്‍ക്കാവ് പൊലീസ് മുഖേന വാറണ്ട് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പൊലീസ് വാറണ്ട് നടപ്പാക്കിയില്ല.
പിന്നീടാണ് കോടതി സിറ്റി പൊലീസ് മേധാവി മുഖേന വാറണ്ട് അയക്കുന്നത്. എന്നാല്‍ ഇതിന് കോടതിയില്‍ വിശദീകരണം ഹാജരാക്കിയത് അസി.കമ്മിഷണറായിരുന്നു. മാത്രമല്ല ഈ റിപ്പോര്‍ട്ടില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയതുമില്ല. തുടര്‍ന്നാണ് വാറണ്ട് ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിച്ച സിറ്റി പൊലീസ് കമ്മിഷണറുടെ നടപടി കോടതി ഉത്തരവിനോടുള്ള വിമുഖതയാണെന്ന് കണക്കാക്കുന്നതും ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസ് രജിസ്‌റ്റര്‍ ചെയ്യുവാന്‍ ഉത്തരവിടുന്നതും.