കഞ്ചാവ് വാങ്ങാൻ വാഴക്കുല മോഷ്ടിച്ചു: പ്രായപൂർത്തിയാകാത്തവർ അടക്കം ഏഴു പേർ പിടിയിൽ
സ്വന്തം ലേഖകൻ
മുണ്ടക്കയം: കഞ്ചാവ് വാങ്ങുന്നതിനായി വാഴക്കുല മോഷ്ടിച്ച് വിറ്റ കേസിൽ പ്രായപൂർത്തിയാകാത്തവർ അടക്കം ഏഴു പേർ പൊലീസ് പിടിയിൽ. മുണ്ടക്കയത്തെ തോട്ടത്തിൽ നിന്നു സ്ഥിരമായി വാഴക്കുല മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. മുണ്ടക്കയം ചെളിക്കുഴി സ്വദേശികളായ വാലുപറമ്പിൽ സജിത്ത് (19), വാഴയിൽ ലിൻസ് (24), പറത്താനം പുതുപറമ്പിൽ പി.ബി.
അജിത് (18), കപ്പിലാംമൂട് മുള്ളൂർ സജിത്ത് (18), എന്നിവരെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴത്തോട്ടം ഉടമകളുടെ പരാതിയെ തുടർന്ന് എസ്.ഐ സി.ടി സഞ്ജയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് വാങ്ങുന്നതിനു വേണ്ടിയാണ് പ്രതികൾ വാഴക്കുല മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുണ്ടക്കയം ചിറ്റടി സ്വദേശികളായ മൂന്നു പേർ ചേർന്ന് റിബേറ്റ് പടിയിൽ തോട്ടത്തിൽ വാഴകൃഷി ചെയ്യുന്നുണ്ടായിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ദിവസങ്ങൽ വൻ തോതിൽ വാഴക്കുല മോഷണം പോയിരുന്നു. ഓരോന്നായാണ് ആദ്യ ദിവസങ്ങളിൽ കുലകൾ മോഷണം പോയിരുന്നത്. ഉടമകളിൽ ആരെങ്കിലും കുല വെട്ടുന്നതാവാമെന്നാണ് ആദ്യം ഇവർ കരുതിയിരുന്നത്. എന്നാൽ, പിന്നീട് ഇത് വ്യാപകമായതോടെയാണ് ഇവർ പരസ്പരം സംസാരിച്ചത്. ഇതോടെയാണ് മോഷണമാണ് നടക്കുന്നതെന്ന് മനസിലായത്. തുടർന്നാണ് ഇവർ മുണ്ടക്കയം പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ വാഴക്കുലകൾ വിൽക്കുന്ന കുട്ടികളെപ്പറ്റി വിവരം ലഭിച്ചു. തുടർന്ന് പൊലീസ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇവിടെ കുലകൾ വിറ്റിരുന്നത്. ഈ കുട്ടികളിൽ ഒരാൾ മുണ്ടക്കയം പഞ്ചായത്തിലെ ഒരു സർക്കാർ സർക്കാർ സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. പ്ലസ്ടു പഠനം പാതിവഴിയിൽ നിർത്തിയയാളാണ് മറ്റൊരാൾ.
ഇവർ വാഴക്കുല കടത്താൻ ഉപയോഗിച്ചുവന്നിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചുപേരെ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി മുമ്പാകെയും, പ്രായപൂർത്തിയാകാത്തവരെ കോട്ടയം ജുവൈനൽ കോടതിയിലും ഹാജരാക്കി.