
കഴുത്ത് ഞെരിച്ചു, ശ്വാസം മുട്ടിച്ച് ചായ്പ്പില്‍ കെട്ടിത്തൂക്കി; 65കാരിയെ കൊന്ന കേസിൽ മരുമകള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
കാഞ്ഞങ്ങാട്: കാസര്‍കോട്ട് ഭര്‍തൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 49 കാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ.
കൊളത്തൂര്‍ ചേപ്പനടുക്കത്തെ അംബികയെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ 65 കാരിയായ അമ്മാളു അമ്മയെ കൊന്ന കേസിലാണ് ശിക്ഷ വിധിച്ചത്.
49 കാരിയായ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 സെപ്റ്റംബര്‍ 16 നാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍തൃമാതാവിനെ അംബിക കഴുത്തില്‍ കൈകൊണ്ട് ഞെരിച്ചും തലയിണകൊണ്ട് മുഖത്ത് അമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
അമ്മാളു അമ്മയെ വീടിന്‍റെ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ അമ്മാളുവിന്‍റെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു.