play-sharp-fill
വക്കാലത്ത് നൽകാൻ പോയ അഭിഭാഷകയെ സബ് കളക്ടർ ഇറക്കിവിട്ടു: പ്രതിഷേധവുമായി ബാർ കൗൺസിൽ

വക്കാലത്ത് നൽകാൻ പോയ അഭിഭാഷകയെ സബ് കളക്ടർ ഇറക്കിവിട്ടു: പ്രതിഷേധവുമായി ബാർ കൗൺസിൽ

 

കാഞ്ഞങ്ങാട്: ആർ.ഡി.ഒ ഓഫിസില്‍ കേസുമായി ബന്ധപ്പെട്ട് വക്കാലത്തും കൗണ്ടറും ഫയല്‍ ചെയ്യാൻപോയ അഭിഭാഷകയെ സബ് കലക്ടർ ഇറക്കിവിട്ടതായി അഭിഭാഷകരുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച്‌ അഭിഭാഷകസംഘടന ആർ.ഡി.ഒ ഓഫിസിലേക്ക് മാർച്ച്‌ നടത്തി.

 

സംഭവത്തെക്കുറിച്ച്‌ ആരായാനെത്തിയ ഹോസ്ദുർഗ് ബാർ അസോസിയേഷൻ ഭാരവാഹികളുമായി വാക്കുതർക്കത്തിലേർപ്പെടുകയും പൊലീസിനെ വിളിപ്പിച്ച്‌ ചേംബറില്‍നിന്ന് പുറത്താക്കാൻ ശ്രമവും നടത്തിയതായാണ് പരാതി. ഹോസ്ദുർഗ് ബാർ അസോസിയേഷൻ നേതൃത്വത്തിലാണ് വ്യാഴാഴ്ച അഭിഭാഷകർ ആർ.ഡി ഓഫിസിലേക്ക് മാർച്ച്‌ നടത്തിയത്.


 

സീനിയർ സിറ്റിസണ്‍സ് നിയമവുമായി ബന്ധപ്പെട്ട കേസില്‍ വക്കാലത്ത് നല്‍കാനാണ് അഭിഭാഷക പോയത്. എന്നാല്‍, ഇത് വാങ്ങാൻ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അതിന്റെ കാരണം സഹിതം എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടതാണ് സബ് കലക്ടറെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റൂളിങ് പ്രകാരം ഇത്തരം കേസുകളില്‍ ഹാജരാകാമെന്ന് അഭിഭാഷക പറഞ്ഞപ്പോഴാണ് വനിത പൊലീസുകാരെ വിളിച്ചുവരുത്തി പുറത്താക്കാൻ നിർദേശിച്ചത്. ബാർ കൗണ്‍സിലില്‍ അഭിഭാഷകയുടെ പരാതി ലഭിച്ചതോടെയാണ് പ്രശ്നമുണ്ടെങ്കില്‍ അതുകൂടി പരിഹരിക്കാമെന്ന ലക്ഷ്യത്തോടെ സബ് കലക്ടർ സൂഫിയാൻ അഹമ്മദിനെ കാണാൻ പോയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ഭാരവാഹികളെ കേള്‍ക്കാൻ തയാറായില്ല.

 

തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഭാരവാഹികളുടെ ഫോട്ടോയെടുക്കാനും ശ്രമിച്ചുവെന്ന് പറയുന്നു. പേരുവിവരവും ആവശ്യപ്പെട്ടു. ഇത് നല്‍കാൻ തയാറാകാതിരുന്ന അഭിഭാഷകർ തിരികെ എത്തിയാണ് പ്രതിഷേധത്തിന്റെ ഭാഗമായി ആർ.ഡി ഓഫിസ് മാർച്ച്‌ നടത്തിയത്.

 

അഭിഭാഷകയോടും തങ്ങളോടും മോശമായി പെരുമാറിയ സബ് കലക്ടറെ സ്ഥലംമാറ്റണമെന്നും അല്ലാത്തപക്ഷം ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.