കാഞ്ഞങ്ങാട് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കഴുത്തിൽ നിന്ന് 3 പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടു; മുങ്ങിത്തപ്പി മാലയെടുത്ത് നൽകി ഫയർഫോഴ്സ്

Spread the love

കാഞ്ഞങ്ങാട്: ക്ഷേത്ര കുളത്തിൽ കുളിക്കുമ്പോൾ കഴുത്തിൽ നിന്ന് നഷ്ടപ്പെട്ട മാല വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാസേന. കഴിഞ്ഞ ദിവസം തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രക്കുളത്തിൽ കുട്ടുകാരൊത്ത് കളിക്കുമ്പോഴാണ് പ്രവാസിയായ അജേഷിന്‍റെ മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണ മാല കുളത്തിൽ വീണത്. രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും മാല വിണ്ടെടുക്കാനായില്ല.

തുടർന്നാണ് ഉച്ചയോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയം തലവൻ ആദർശ് അശോകിന്‍റെ നേതൃത്വത്തിൽ സേനയെത്തി. കൂടാതെ കാസർകോട് നിലയത്തിലെ സ്കൂബ ടീം അംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവർ ഇ. പ്രസീത്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എച്ച് ഉമേഷ് എന്നിവർ ചേർന്ന് ഏകദേശം മുന്നര മീറ്റർ താഴ്ചയിൽ നിന്ന് മാല വീണ്ടെടുത്തു ഉടമയ്ക്ക് കൈമാറി. ഇപ്പോഴത്തെ മാർക്കറ്റ് വില അനുസരിച്ച് മാലയ്ക്ക് രണ്ടര ലക്ഷത്തോളം വില വരും. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ദീലീപ്, സിവിൽ ഡിഫൻസ് അംഗം കിരൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.