‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന് ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല’; എംഡിഎംഎയെന്ന് കരുതി പോലീസ് പിടികൂടിയത് കൽക്കണ്ട പൊടി ; നിരപരാധികളായ ഇരുവരും ജയിലിൽ കിടക്കേണ്ടി വന്നത് 150 ദിവസം

Spread the love
കാഞ്ഞങ്ങാട്: ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ഇന്ത്യന്‍ ജുഡീഷറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല.
കല്‍ക്കണ്ടപ്പൊടി എംഡിഎംഎയാണെന്നു തെറ്റിദ്ധരിച്ച്‌ പോലീസ് പിടികൂടിയപ്പോള്‍ നിരപരാധികളായ ഇരുവര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നത് 150 ദിവസം.
കാസര്‍ഗോഡ് മാല്ലക്കല്ല് പതിനെട്ടാംമൈല്‍ ചെരമ്ബച്ചാല്‍ ഞരളാട്ട് ബിജു മാത്യു (49), കണ്ണൂര്‍ വാരം നന്ദനത്തിലെ മണികണ്ഠന്‍ (46) എന്നിവര്‍ക്കാണു ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ട ദുരവസ്ഥയുണ്ടായത്.
ബസ് ഡ്രൈവറായിരുന്നു ബിജു. സുഹൃത്ത് മണികണ്ഠന്‍ ഡ്രൈവറും പാചകക്കാരനുമായിരുന്നു. കണ്ടെയ്‌നറില്‍ ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് ബിജുവും മണികണ്ഠനും 2024 നവംബര്‍ 25നു രാത്രി കോഴിക്കോട് വന്നതായിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി.
പിറ്റേന്നു രാവിലെ പത്തോടെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നാണ് മയക്കുമരുന്ന് പിടികൂടുന്ന ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ മഫ്തി വേഷത്തില്‍ ചാടി വീഴുന്നത്. ദേഹപരിശോധന നടത്തിയപ്പോള്‍ മണികണ്ഠന്‍റെ പാന്‍റ്സിന്‍റെ കീശയില്‍നിന്നു പ്ലാസ്റ്റിക്ക് കടലാസില്‍ ഒരു പൊതി കണ്ടെടുത്തു. 60 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ പൊടി എംഡിഎംഎയാണെന്നു പറഞ്ഞ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
“കുട്ടികള്‍ക്ക് കൊടുക്കാനായി വാങ്ങിയ കല്‍ക്കണ്ടപ്പൊടിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ പോലീസ് തയാറായില്ല. എങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോയി തങ്ങളുടെ രക്തം പരിശോധിച്ചോളൂ, അപ്പോള്‍ സത്യം അറിയാമല്ലോ എന്നു പറഞ്ഞു. ജോലിക്കായി വന്നതിനാല്‍ കുറേ ജോഡി വസ്ത്രങ്ങള്‍ എടുത്തിരുന്നു.
ലോഡ്ജിലുള്ള തങ്ങളുടെ വസ്ത്രങ്ങള്‍ എടുക്കാനെങ്കിലും അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും അതൊന്നും പോലീസ് കേട്ടഭാവം നടിച്ചില്ല.”-ബിജു പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടുവെന്നു മനസിലായതോടെ മണികണ്ഠന് രക്തസമ്മര്‍ദ്ദം കുറയുകയും അപസ്മാരമുണ്ടാവുകയും ചെയ്തു. അഞ്ചു ദിവസത്തോളം ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബിജുവിന് ഒരു ദിവസം സ്റ്റേഷനില്‍ തങ്ങേണ്ടിവന്നു. പിറ്റേന്ന് വടകര കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത കേസായതിനാല്‍ ജയില്‍വാസം തുടരേണ്ടിവന്നു.
വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകരെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഫീസ് ബിജുവിനും മണികണ്ഠനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ കോടതിതന്നെ അഭിഭാഷകനെ അനുവദിക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 24ന് രാസപരിശോധനാഫലം പുറത്തുവന്നപ്പോഴാണ് പിടികൂടിയത് കല്‍ക്കണ്ടമാണെന്ന് അധികൃതര്‍ക്ക് മനസിലായതും തുടര്‍ന്ന് ഇരുവരെയും കുറ്റവിമുക്തരാക്കുന്നതും.
ഈ മാസം 13നാണ് ബിജുവിന് തന്‍റെ ഡ്രൈവിംഗ് ലൈസന്‍സും മൊബൈല്‍ ഫോണും തിരിച്ചുകിട്ടുന്നത്. മണികണ്ഠന്‍റെ ഫോണ്‍ അപ്പോഴേക്കും ബാറ്ററി നശിച്ച്‌ ഉപയോഗയോഗ്യമല്ലാതായിത്തീര്‍ന്നിരുന്നു.
മണികണ്ഠന്‍ ഇപ്പോള്‍ ഇരിട്ടിയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയാണ്. “വീട്ടില്‍ ഞാനും 76 വയസുള്ള അമ്മയും മാത്രമാണുള്ളത്. രണ്ടു കാല്‍മുട്ടിനും വേദനയുള്ള അമ്മയ്ക്ക് അല്പം പോലും നടക്കാന്‍ പോലും പറ്റില്ല. സഹായത്തിന് മറ്റാരുമില്ല.
ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ എന്‍റെ അമ്മ അനുഭവിച്ച ദുരിതങ്ങള്‍ക്ക് ആരു സമാധാനം പറയും ? മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നതിനാല്‍ നാട്ടില്‍ ആരും ജോലി തരാത്ത സ്ഥിതിയാണുള്ളത്. കൈയിലാണെങ്കില്‍ പണമില്ല.
പണ്ടുമുതലേ ഡ്രൈവര്‍ ജോലിയാണ് ചെയ്തുപോന്നിരുന്നത്. ഇനിയിപ്പോ ജീവിക്കാനായി മരത്തിന്‍റെയോ കല്ലിന്‍റെയോ പണിക്കു പോകാനും തയാറാണ്. വിശപ്പടക്കലാണല്ലോ പ്രധാനം” -ബിജു പറയുന്നു.