ബിസിസിഐ സെക്രട്ടറി പദവി ;’ അമിത് ഷായുടെ മകന് കാർബൺ കോപ്പി എന്നല്ലാതെ എന്ത് യോഗ്യതയുണ്ട്’ : ആഞ്ഞടിച്ച് കനയ്യ കുമാർ
സ്വന്തം ലേഖകൻ
ദില്ലി: ജെഎൻയുവിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ യോഗ്യതയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനത്തിന് മറുപടിയുമായി കനയ്യ കുമാർ. ചോദ്യം ചെയ്യുന്നവർ വ്യക്തമാക്കേണ്ടത് ബിസിസിഐ സെക്രട്ടറിയാകാൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കുളളള യോഗ്യത എന്താണ് പറയണമെന്നും കനയ്യ കുമാർ തുറന്നടിച്ചു.
എന്താണ് യോഗ്യത എന്ന് ഞങ്ങൾ പറഞ്ഞ് തരാം. ഏറ്റവും ദരിദ്രരായവും പിന്നോക്ക വിഭാഗങ്ങളിൽ നിന്നുളളവരുമായ വിദ്യാർത്ഥികളാണ് ജെഎൻയുവിൽ പഠിക്കാനെത്തുന്നത്. ഇതുവരെ വൈദ്യുതി പോലും എത്താത്ത കലഹന്ദി ഗ്രാമത്തിൽ നിന്നുളള വിദ്യാർത്ഥികൾ ജെഎൻയുവിൽ പഠിക്കാനെത്തുന്നു. അവർ ഇംഗ്ലീഷ് പഠിക്കുകയും എൻട്രൻസ് പാസ്സാവുകയും അഡ്മിഷൻ നേടുകയും ചെയ്യുന്നു, കനയ്യ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങൾ യോഗ്യതയെ കുറിച്ച് സംസാരിക്കുന്നു. എന്ത് യോഗ്യതയാണ് നിങ്ങളുടെ മകനുളളത്. എന്താണ് ജെയ് ഷായുടെ യോഗ്യത. അദ്ദേഹത്തിന്റെ മുഖം അമിത് ഷായുടെ മുഖത്തിന്റെ കാർബൺ കോപ്പിയാണ് എന്നല്ലാതെ എന്താണ് യോഗ്യതയുളളത്. എങ്ങനെയാണ് ജയ് ഷാ ബിസിസിഐയുടെ സെക്രട്ടറിയായത് എന്നും കനയ്യ കുമാർ ചോദിച്ചു.
ജെഎൻയുവിലുളള പ്രശ്നം നിങ്ങളെ ഉത്തരം പറയാൻ മാത്രമല്ല ചോദ്യം ചോദിക്കാൻ കൂടി പഠിപ്പിക്കുന്നു എന്നതാണ് എന്നും കനയ്യ പറഞ്ഞു. ജെഎൻയുവിലെത്തിയ ദീപിക പദുക്കോണിനെ കനയ്യ പിന്തുണച്ചു. ദീപിക ഒന്നും പറഞ്ഞില്ല.
മോദിയുടേയോ അമിത് ഷായുടേയോ പേര് പറഞ്ഞില്ല. അമിത് ഷായുടെ മകൻ ജയ് ഷായെക്കുറിച്ചും ഒരു ചർച്ചയും നടന്നില്ല. എന്തിനാണ് ജയ് ഷായെ ബിസിസിഐ സെക്രട്ടറിയാക്കിയത് എന്നും ദീപിക ചോദിച്ചിട്ടില്ല. ഒരു മുദ്രാവാക്യവും വിളിച്ചില്ല.
പിന്നെന്തിനാണ് ദീപികയുടെ സിനിമ ബഹിഷ്‌ക്കാരിക്കാൻ ആഹ്വാനം ചെയ്യുന്നത് എന്നും കനയ്യ ചോദിച്ചു. അതിനർത്ഥം ക്യാംപസ്സിൽ അക്രമം ഉണ്ടാക്കിയതിന് പിന്നിൽ തങ്ങളുടെ ആളുകളാണ് എന്ന് സർക്കാർ സമ്മതിക്കുകയാണ് എന്നും കനയ്യ കൂട്ടിച്ചേർത്തു.