കത്തോലിക്ക സഭയിലെ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരേ ചരിത്രത്തിൽ ആദ്യമായി സമരത്തിനിറങ്ങിയ സിസ്റ്റർ. അനുപമ കുപ്പായം അഴിച്ചു വച്ച് സ്വതന്ത്രയായി

Spread the love

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍പെട്ട ബിഷപ് ഫ്രാങ്കോക്കോതിരെ സമരത്തിനിറങ്ങി ആക്രമണങ്ങളേറ്റു വാങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു.
കുറവിലങ്ങാട് മഠം കേന്ദ്രീകരിച്ചും പിന്നീട് കൊച്ചി നഗരത്തിലുമായി അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമര പരമ്പരയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ എന്ന അതികായനെ നിയമത്തിന് മുന്നില്‍ എത്തിച്ചത്. ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോയെ 2018 സെപ്തംബർ 21നാണ് അവിടെ നിന്ന് വിളിച്ചുവരുത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കുറവിലങ്ങാട് നാടുകുന്ന് സെൻ്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം അന്തേവാസിയായിരുന്ന കന്യാസ്ത്രീ, സഭയിലെ ഉന്നതരെ പലരെയും പീഡനവിവരം അറിയിച്ചിട്ടും കാര്യക്ഷമമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് പോലീസിനെ സമീപിച്ചത്. ഇതിനൊപ്പമാണ് കന്യാസ്ത്രീകള്‍ സമരമുഖത്തേക്ക് എത്തുന്ന അത്യപൂർവകാഴ്ച കേരളം കണ്ടത്.

ഇത് ബിഷപിനും സഭയ്ക്കാകെയും ഉണ്ടാക്കിയ ക്ഷീണം തിരിച്ചറിഞ്ഞ വിശ്വാസികളില്‍ ഒരുപക്ഷം അനുപമയെ ടാർഗറ്റ് ചെയ്തതോടെയാണ് സഭക്കുള്ളിലെ അവരുടെ നിലനില്‍പ് പ്രതിസന്ധിയിലായത്.
2022 ജനുവരി 14നാണ് തെളിവുകളുടെ അഭാവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു കൊണ്ട് കോടതിവിധി വരുന്നത്. സ്വാഭാവികമായും ഫ്രാങ്കോക്കെതിരെ നിലപാട് എടുത്തവർ സഭക്കുള്ളിലും പുറത്തും ഇതോടെ കൂടുതല്‍ ഒറ്റപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനുള്‍പ്പെട്ട സന്യാസ സമൂഹത്തിൻ്റെ തലപ്പത്ത് മാറ്റമുണ്ടാകുമ്ബോള്‍ കാര്യങ്ങള്‍ ഭേദമാകുമെന്ന് കരുതി അനുപമ കാത്തെങ്കിലും അതും ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച്‌ സ്വതന്ത്രയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. .

കന്യാസ്ത്രീ സമരത്തെ ആരും ശരിയായി മനസിലാക്കുന്നില്ലെന്ന് സിസ്റ്റര്‍ അനുപമ അക്കാലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമരം സഭക്കെതിരെ ആണെന്ന് വ്യാഖ്യാനിക്കുന്നു. ഇത്തരം ആരോപണങ്ങളില്‍ വിഷമമുണ്ട്. സമരം സഭക്കെതിരും അല്ല, ഒരു കന്യാസ്ത്രീക്ക് വേണ്ടിയുമല്ല, മറിച്ച്‌ എല്ലാ തൊഴില്‍മേഖലയിലും ഉള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും അവർ പറഞ്ഞിരുന്നു. തങ്ങളുന്നയിച്ച വിഷയത്തോട് സഭ ഇങ്ങനെയൊരു നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

കോട്ടയത്തെ കുറവിലങ്ങാട് കോണ്‍വെന്റിലെ സിസ്റ്റർമാരായ ആല്‍ഫി, നീന റോസ്, അൻസിറ്റ, അനുപമ, ജോസഫൈൻ എന്നിവരാണ് 2018 സെപ്റ്റംബർ എട്ടു മുതല്‍ ഹൈക്കോടതിക്ക് അടുത്തുള്ള വഞ്ചി സ്ക്വയറില്‍ സമരം നടത്തിയത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സംഘം കന്യാസ്ത്രീകള്‍ സഭയുടെ നിലപാടിനെതിരെ പരസ്യമായ സമരം നടത്തിയത്. അന്നത്തെ സമരം മുന്നില്‍ നിന്ന് നയിച്ചത് ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ അനുപമയായിരുന്നു.