കാനവും സുകുമാരൻ നായരും നേർക്കുനേർ..! വിശ്വാസങ്ങളും ആചാരങ്ങളും ജീവവായുപോലെ; ഇത് മറന്നു പോകുന്നവർക്ക് തിരിച്ചടി ഉണ്ടാകും; സി.പി.എം ശബരിമല വിഷയത്തിൽ നിന്നും പിന്മാറിയതോടെ ആക്രണം ഏറ്റെടുത്ത് കാനം രാജേന്ദ്രൻ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സി.പി.എം അയഞ്ഞതോടെ, കാനം രാജേന്ദ്രനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ശബരിമലയെ ഏറ്റെടുത്ത കാനം ഇപ്പോൾ സുകുമാരൻ നായരുമായി നേരിട്ട് ഏറ്റുമുട്ടലിലേയ്ക്കു കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുകുമാരൻ നായർക്കെതിരെ കാനം രാജേന്ദ്രൻ പൊട്ടിത്തെറിച്ചത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ രംഗത്ത് എത്തുകയായിരുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാ നങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നുപോകുന്നവർക്ക് തിരിച്ചടി ഉണ്ടാകും. ശബരിമല വിഷയത്തിന്റെ പേരിൽ സംഘടനയ്ക്കെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നതായും എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതൽ ഇറങ്ങിത്തിരിച്ചത്. സംഘടനയ്ക്കോ, സംഘടനാ നേതൃത്വത്തിലുള്ള വർക്കോ പാർലമെന്ററിമോഹങ്ങളൊന്നുംതന്നെയില്ല. സ്ഥാനമാനങ്ങൾക്കോ രാഷ്ടീയ നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയനേതാക്കളുടെയോ പടിവാതിൽക്കൽ പോയിട്ടില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം നിലകൊണ്ടിട്ടുള്ളത്. എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്, അതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും എൻ.എസ്.എസ് പറയുന്നു.
പൊതുവായി പറഞ്ഞാൽ, ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അവർ ഏതു മതത്തിൽപ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നുപോകുന്നവർക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എൻ.എസ്.എസിനെതിരെയുള്ള ഇത്തരം വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു.