play-sharp-fill
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയതുമൂലം ചികിത്സയിലും വിശ്രമത്തിലും; പ്രമേഹം മൂര്‍ച്ഛിച്ച്‌ കാല്‍പ്പാദം മുറിച്ചുമാറ്റിയതോടെ പൂര്‍ണവിശ്രമത്തിലേക്ക് പോയി; തളരില്ല, തിരിച്ചുവരുമെന്ന് ഉറക്കെപ്പറഞ്ഞ നേതാവ് ; കാനത്തിന്റെ ആകസ്മിക മരണം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെ ; വിടവാങ്ങിയത് എൽ.ഡി.എഫ് സർക്കാരിലെ തിരുത്തൽ ശക്തിയായ കരുത്തുറ്റ നേതാവ്

ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയതുമൂലം ചികിത്സയിലും വിശ്രമത്തിലും; പ്രമേഹം മൂര്‍ച്ഛിച്ച്‌ കാല്‍പ്പാദം മുറിച്ചുമാറ്റിയതോടെ പൂര്‍ണവിശ്രമത്തിലേക്ക് പോയി; തളരില്ല, തിരിച്ചുവരുമെന്ന് ഉറക്കെപ്പറഞ്ഞ നേതാവ് ; കാനത്തിന്റെ ആകസ്മിക മരണം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെ ; വിടവാങ്ങിയത് എൽ.ഡി.എഫ് സർക്കാരിലെ തിരുത്തൽ ശക്തിയായ കരുത്തുറ്റ നേതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മൂന്ന് മാസത്തെ അവധിക്ക് കേന്ദ്ര കമ്മിറ്റിക്ക് അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെ.

പകരം ചുമതല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിനു നല്‍കണമെന്നാണ് കാനം ആവശ്യപ്പെട്ടിരുന്നത്. കാനത്തിന്റെ അപേക്ഷയില്‍ ഈ മാസം ചേരുന്ന ദേശീയ നിര്‍വാഹക സമിതി തീരുമാനമെടുക്കാനിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയതുമൂലം കാനം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തകാലത്ത് കാലിന് ശസ്ത്രക്രിയയും നടന്നതിനാല്‍ സഞ്ചാരത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നു, ഈ സാഹചര്യത്തിലാണ് അവധിക്ക് അപേക്ഷ നല്‍കിയിരുന്നത്. തിരിച്ചുവരുമെന്നായിരുന്നു അവസാന അഭിമുഖത്തിലും കാനം രാജേന്ദ്രൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. 16നും 17നും ചേരുന്ന സിപിഐ ദേശീയ നിര്‍വാഹസമിതി കാനത്തിന്റെ അവധി അപേക്ഷയില്‍ തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.

27ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നിര്‍വാഹ സമിതി യോഗത്തില്‍ പകരം ചുമതലക്കാരൻ ആരെന്ന് ദേശീയ നേതൃത്വം അറിയിക്കാനിരിക്കയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരനും പി. പി. സുനീറും ഉള്‍പ്പടെ സംസ്ഥാന നേതൃത്വം കൂട്ടായാണ് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.

നയപരമായ കാര്യങ്ങളിലോ വിവാദ വിഷയങ്ങളിലോ സിപിഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ ചുമതല കൈമാറ്റം വീണ്ടും ചര്‍ച്ചയായത്. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ കാനത്തിന് പകരം ചുമതലക്കാരനെ നിശ്ചയിക്കുമ്ബോള്‍ അതേ പദവിയുള്ളയാള്‍ വേണം എന്നതിനാലാണ് ബിനോയി വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്

അതിനിടെയാണ് കാനത്തിന്റെ ആക്‌സ്മിക മരണം. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുള്ള ചികിത്സയുമായി ദീര്‍ഘനാളായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. അടുത്തിടെ കാല്‍പ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്കും കാനം വിധേയനായിരുന്നു.

1950 നവംബര്‍ പത്തിന് കോട്ടയം കാനത്ത് ജനനം. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വർഷമായി സംസ്ഥാന കൗൺസിൽ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി.

എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.

1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി. പി ബാലചന്ദ്ര മേനോൻ, കെ എ രാജൻ, പി ഭാസ്കരൻ, കല്ലാട്ട് കൃഷ്ണൻ, ടി സി എസ് മേനോൻ, കെ സി മാത്യു തുടങ്ങിയ മുൻനിര ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിചയം പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഉപകരിച്ചു.

ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറ ബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, മുതൽ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ട്രേ‍ഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധേയ ഇടപെടല്‍ നിര്‍വഹിച്ചു.

1982 ൽ വാഴൂരിൽ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽവന്നത്.

നിയമസഭയിൽ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരണാനുമതി നേടിയത്. നിയമ നിർമ്മാണ വേളകളിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രൻ ഈ നിലയിൽ ഏറെ ശ്രദ്ധേയനായി. കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു.

വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയില്ല. സി അച്യുതമേനോൻ ഫൗണ്ടേഷൻ പ്രസിഡന്റായ കാനം എഴുതിയ നവമാധ്യമ രംഗത്തെ ഇടതുചേരി എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. പ്രഭാത് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ലേഖനങ്ങള്‍ക്കും വായനക്കാരേറെയാണ്.

ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.