
സ്വന്തം ലേഖകൻ
കോട്ടയം: റോഡരികില്‍ മാലിന്യം തള്ളി തടിതപ്പാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടി.
മാലിന്യം മുഴുവൻ തിരികെ ലോറിയിലേക്ക് കയറ്റി. കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലാണ് സംഭവം. എം.സി റോഡരികില്‍ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം തളളുന്നത് ശ്രദ്ധയില്‍പ്പെട്ട ഹരിത കർമ്മ സേനാംഗങ്ങളായ വിജിനി, സുജാത, മിനി എന്നിവർ ചേർന്ന് ലോറി തടഞ്ഞുനിർത്തുകയും പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി മാലിന്യം നിക്ഷേപിച്ചവരെക്കൊണ്ട് തിരികെ ലോറിയില്‍ കയറ്റി നിർമ്മാർജ്ജനം ചെയ്യിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണ്‍മാരായ ലൗലിമോള്‍ വർഗീസ്, വിനീത രാഗേഷ്, കാണക്കാരി എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസർ ഡോ.മെർലിൻ ആൻ ജോർജ്ജ്, സെക്രട്ടറി എം.എസ് ഷൈനി, അസി.സെക്രട്ടറി പ്രിൻസ് ജോർജ്ജ്, എച്ച്.ഐ ഷിജു വി.കുര്യൻ, പഞ്ചായത്തംഗങ്ങളായ തമ്ബി ജോസഫ്, അനിത പി.മോഹൻ, ബെറ്റ്‌സി മോള്‍ ജോഷി, ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ അരുണ്‍ എം.നായർ, എം.തുളസി, അജി ജോസഫ് എന്നിവർ സ്ഥലത്തെത്തി.
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ പറഞ്ഞു.