play-sharp-fill
ശബരിമല ദർശനത്തിനെത്തിയ കനകദുർഗയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

ശബരിമല ദർശനത്തിനെത്തിയ കനകദുർഗയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു


സ്വന്തം ലേഖകൻ

മഞ്ചേരി : ശബരിമല ദർശനത്തിനെത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ(39)യെ ദുരൂഹസാഹചര്യത്തിൽ കാണാതായി. കഴിഞ്ഞ 24-നു രാവിലെ ആറേകാലോടെ മലകയറിയ കനകദുർഗയും സുഹൃത്ത് ബിന്ദുവും നീലിമല പിന്നിട്ടതോടെയാണു മറ്റു തീർഥാടകരുടെ കണ്ണിൽപ്പെട്ടത്. ശബരിമല ദർശനത്തിന് ഇരുവരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. കൂടുതൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പാച്ചിമേട്ടിലെത്തിയപ്പോൾ തീർഥാടകർ ശരണം വിളികളോടെ ഇവരെ തടഞ്ഞു. അപ്പാച്ചിമേട് മുതൽ മരക്കൂട്ടം വരെ 300 മീറ്റർ ദൂരത്തിനിടെ അഞ്ചിടങ്ങളിൽ പ്രതിരോധമുണ്ടായി. ചന്ദ്രാനന്ദൻ റോഡ് പകുതി പിന്നിട്ടതോടെ പ്രതിഷേധക്കാരെ മറികടക്കാനാവാത്ത സ്ഥിതിയായി. തുടർന്ന് യുവതികളെ കസേരയിലിരുത്തി പോലീസും ദ്രുതകർമസേനയും സ്ട്രൈക്കർ ഫോഴ്സും നിലയുറപ്പിച്ചെങ്കിലും ഒരടിപോലും മുന്നോട്ടുപോകാനായില്ല. ഗത്യന്തരമില്ലാതെ, യുവതികളോടു മടങ്ങാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.


മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുർഗയെ ഡോളിയിൽ പമ്പയിലെത്തിച്ചശേഷം പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെലിവിഷൻ ചാനലിലൂടെയാണു വീട്ടുകാർ വിവരമറിഞ്ഞത്. സപ്ലൈകോ ജീവനക്കാരിയായ കനകദുർഗ തിരുവനന്തപുരത്ത് ഔദ്യോഗികാവശ്യത്തിന് എന്നു പറഞ്ഞാണു കഴിഞ്ഞ 21-നു വീട്ടിൽനിന്ന് ഇറങ്ങിയത്. മഞ്ചേരിയിലുള്ള സഹോദരിയുടെ വീട്ടിലെത്തി, മക്കളെ അവിടെയാക്കിയശേഷമാണു ശബരിമലയ്ക്കു പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനകദുർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ സഹോദരൻ ഭരതൻ കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാൻ അനുമതി നിഷേധിച്ചു. സഹോദരിയെ പോലീസ് കാവലിൽ മലപ്പുറം ജില്ലയിലെത്തിക്കാമെന്നും ഉറപ്പുനൽകി. എന്നാൽ, ആശുപത്രിയിൽനിന്നു വിട്ടയച്ച കനകദുർഗയെക്കുറിച്ച് വിവരം ലഭിക്കാത്തതിനേത്തുടർന്ന് സഹോദരി രാജലക്ഷ്മിയും കഴിഞ്ഞ വ്യാഴാഴ്ച എസ്.പിയെ ഫോണിൽ വിളിച്ചു. കനകദുർഗയെ കണ്ണൂർ എത്തിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ എസ്.പിയെ ബന്ധപ്പെടണമെന്നുമായിരുന്നു മറുപടി. എന്നാൽ ഇതുവരെ ഇതുസംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും കനകദുർഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.