
കാഞ്ഞിരപ്പള്ളി: ചീഫ് വിപ്പിനെ നേരിടാന് കേന്ദ്രമന്ത്രിയും പുതുമുഖമായി അധ്യാപകനും രംഗത്തെത്തിയതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയുമായി.
പതിറ്റാണ്ടുകളായി കൈവശമുണ്ടായിരുന്ന മണ്ഡലം തിരിച്ചുപിടിക്കാന് ഡിസിസി ജനറല് സെക്രട്ടറിയും കോണ്ഗ്രസിന്റെ സംസ്ഥാന വക്താവുമായ പ്രഫ. റോണി കെ. ബേബിയെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
റോണിയുടെ കന്നിമത്സരമാണിത്. ഹാട്രിക് വിജയം നേടിയ കേരള കോണ്ഗ്രസ് എമ്മിലെ സിറ്റിംഗ് എംഎല്എയും ചീഫ് വിപ്പുമായ ഡോ. എന്. ജയരാജാണ് എല്ഡിഎഫ് സ്ഥാനാര്ഥി. ഡോ. ജയരാജ് മണ്ഡലത്തില് സുപരിചിതനാണ്. ഇവരെ നേരിടാന് ബിജെപി കളത്തിലിറക്കിയിരിക്കുന്നത് കേന്ദ്രമന്ത്രി ജോര്ജ് കുര്യനെയാണ്. കേന്ദ്രമന്ത്രി മത്സരിക്കാനെത്തിയതോടെ കാഞ്ഞിരപ്പള്ളി വിഐപി മണ്ഡലവുമായി.
മൂന്ന് പേരും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. രാവിലെ മുതല് രാത്രി വരെ മണ്ഡലങ്ങളിലെ വിവിധയിടങ്ങളിലെത്തി ജനങ്ങളെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്ഥികള്.
തെരഞ്ഞെടുപ്പുരംഗത്ത് കന്നിയങ്കക്കാരനായ റോണി മണ്ഡലമാകെ ഓടിനടന്നുള്ള പ്രചാരണമാണ് നടത്തുന്നത്. അധ്യാപകനായ എല്ഡിഎഫ് സ്ഥാനാര്ഥി ഡോ. ജയരാജിന് മണ്ഡലത്തിലെ പരിചയവും വ്യക്തി ബന്ധങ്ങളുമെല്ലാം നേട്ടമാണ്. എന്ഡിഎ സ്ഥാനാര്ഥികളുടെ പതിവു രീതികളില്നിന്നു വ്യത്യസ്തമായിട്ടാണ് ജോര്ജ് കുര്യന്റെ പ്രചാരണം. ബഹളമയം ഒഴിവാക്കി ഗ്രാമങ്ങളിലെത്തി പരമാവധി വോട്ടര്മാരെ നേരില് കാണുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്ത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. യുഡിഎഫ് പാരമ്പര്യം ഉണ്ടായിരുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് റോണി കെ. ബേബിയും നേതാക്കളും. ഡോ. എന്. ജയരാജിലൂടെ മണ്ഡലം നിലനിര്ത്താമെന്ന വിശ്വാസത്തിലാണ് എല്ഡിഎഫ്. എംഎല്എ എന്ന നിലയില് മണ്ഡലത്തില് നടത്തിയ വികസനങ്ങളും സര്ക്കാരിന്റെ വികസനനേട്ടങ്ങളും പറഞ്ഞാണ് എല്ഡിഎഫ് പ്രചാരണം നടത്തുന്നത്. മാറാത്തത് മാറുമെന്ന മുദ്രവാക്യവുമായിട്ടാണ് കേന്ദ്രമന്ത്രി ജോര്ജ് കുര്യന് ജനങ്ങള്ക്കിടയിലേക്ക് എത്തുന്നത്.
കേന്ദ്രസര്ക്കാരിന്റെ വികസനനേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികളും പറഞ്ഞാണ് എന്ഡിഎ പ്രചാരണം.
2011ലാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപം കൊണ്ടത്. പഴയ വാഴൂര് മണ്ഡലം ഇല്ലാതായതോടെ അതിലുണ്ടായിരുന്ന ആറ് പഞ്ചായത്തുകള്ക്കൊപ്പം പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകള് കൂട്ടിച്ചേര്ത്താണ് 2011ല് കാഞ്ഞിരപ്പള്ളി മണ്ഡലത്തിന് രൂപം കൊടുത്തത്. 2006ല് വാഴൂര് നിയോജകമണ്ഡലത്തില് ജയിച്ച കേരള കോണ്ഗ്രസ് എമ്മിലെ എന്. ജയരാജ് 2011 മുതല് തുടര്ച്ചയായി മൂന്നുവട്ടം കാഞ്ഞിരപ്പള്ളിയില്നിന്നു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനൊപ്പംനിന്ന മണ്ഡലം കേരള കോണ്ഗ്രസ് – എം മുന്നണി മാറിയതോടെ ഇടതുപക്ഷത്തിനൊപ്പമായി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല, ചങ്ങനാശേരി താലൂക്കിലെ കങ്ങഴ, കറുകച്ചാല്, നെടുംകുന്നം, വാഴൂര്, വെള്ളാവൂര്, കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് എന്നീ ഒമ്പതു പഞ്ചായത്തുകള് ചേരുന്നതാണു കാഞ്ഞിരപ്പള്ളി മണ്ഡലം.
ചിറക്കടവ്, വാഴൂര്, വെള്ളാവൂര് പഞ്ചായത്തുകള് എല്ഡിഎഫും കാഞ്ഞിരപ്പള്ളി, മണിമല, പള്ളിക്കത്തോട്, കങ്ങഴ, കറുകച്ചാല്, നെടുംകുന്നം പഞ്ചായത്തുകള് യുഡിഎഫുമാണ് ഭരിക്കുന്നത്.



