
കോട്ടയം: 1963 ൽ പുറത്തിറങ്ങിയ
” കണ്ണും കരളും ” എന്ന ചിത്രത്തിൽ സത്യന്റെ മകനായി അഭിനയിച്ച ബാലതാരത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കും.
ഇന്ത്യൻ സിനിമയിൽ ഒരു വൻമരം പോലെ വളർന്നു വലുതാകുകയും സ്വന്തം പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാങ്കേതിക മേഖലകളിലും അഭിനയ ജീവിതത്തിലും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കമൽഹാസനായിരുന്നു
ആ ബാലതാരം
1960-ൽ എ വി മെയ്യപ്പ ചെട്ടിയാർ നിർമ്മിച്ച “കളത്തൂർ കണ്ണമ്മ ” എന്ന ചിത്രത്തിൽ ജെമിനി ഗണേശൻ്റേയും സാവിത്രിയുടേയും മകനായി അഭിനയിച്ചു കൊണ്ടാണ് കമൽഹാസൻ വെള്ളിത്തിരയിലെത്തുന്നത്.
ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊണ്ടായിരുന്നു കമൽഹാസൻ്റെ അഭിനയ ജൈത്രയാത്ര ആരംഭിക്കുന്നത് .
ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കമൽഹാസൻ എന്ന നടൻ നായകനായി ശ്രദ്ധേയനാകുന്നത്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കന്യാകുമാരി ” എന്ന മലയാളചിത്രത്തിലെ നായക വേഷത്തോടെയാണ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്ധ്യവയസ്സ് കഴിഞ്ഞ താരങ്ങൾ സിനിമയിലെ നായകവേഷങ്ങളിൽ പരിലസിക്കുന്ന കാലത്താണ് യുവതലമുറയുടെ പ്രതിനിധിയായി ചുറുചുറുക്കുള്ള കമൽഹാസൻ എന്ന സുന്ദരനടൻ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്.
തന്റെ അഭിനയക്കളരി മലയാള സിനിമയായിരുന്നുവെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഈ മഹാനടന് എന്നും ഉണ്ടായിരുന്നു.
അതുകൊണ്ടായിരിക്കണം കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന
“കേരളീയം ” പരിപാടിയിൽ പങ്കെടുക്കാൻ കേരള ഗവൺമെൻറ് ക്ഷണിച്ചപ്പോൾ , സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളപ്പിറവി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
മലയാളത്തിൽനിന്നും തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും ശരവേഗത്തിൽ വളർന്നു വലുതായ കമൽഹാസൻ എന്ന നടന്റെ അഭിനയ മികവുകളെക്കുറിച്ചോ,
സിനിമാപരീക്ഷണങ്ങളെക്കുറിച്ചോ ഒന്നും ഈ കുറിപ്പിൽ പ്രതിപാദിക്കുന്നില്ല.
മലയാള സിനിമ ഈ നടന്റെ മുഖശ്രീ മികവിലൂടെ കടന്നുപോയ കാലഘട്ടത്തിലെ ചിത്രങ്ങളിലെ ചില ഗാനങ്ങളെക്കുറിച്ചു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ .
ഒരു ചെറിയ കാലയളവ് മാത്രമേ കമലഹാസൻ മലയാള സിനിമയിൽ തിളങ്ങി നിന്നുള്ളൂവെങ്കിലും
ആ കാലഘട്ടത്തെ സമ്പന്നമാക്കിയ കന്യാകുമാരി , പ്രേമാഭിഷേകം , മദനോത്സവം, ഈറ്റ ,
ഞാൻ നിന്നെ പ്രേമിക്കുന്നു ,കാത്തിരുന്ന നിമിഷം, വിഷ്ണുവിജയം, രാസലീല , സത്യവാൻ സാവിത്രി തുടങ്ങിയ കുറെ ചിത്രങ്ങൾ പ്രേക്ഷകർ ഇന്നും ഒരു നിധികൾപോലെ മനസ്സിൽ സൂക്ഷിക്കുന്നു.
“ചന്ദ്രപ്പളുങ്കുമണിമാല …. ”
( ചിത്രം കന്യാകുമാരി – രചന വയലാർ രാമവർമ്മ – സംഗീതം
എം ബി ശ്രീനിവാസ് – ആലാപനം യേശുദാസ് , എസ് ജാനകി )
” മുറുക്കി ചുവന്നതോ
മാരൻ മുത്തിച്ചുവപ്പിച്ചതോ …”
( രചന യൂസഫലി കേച്ചേരി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് ,
പി സുശീല )
“മലയാറ്റൂർ മലഞ്ചെരുവിലെ
പൂമാനേ….”
( ചിത്രം ഈറ്റ – ആലാപനം
കെ ജെ യേശുദാസ് – രചന യൂസഫലി കേച്ചേരി – സംഗീതം ജി ദേവരാജൻ )
“നീലവാനച്ചോലയിൽ …..”
(യേശുദാസ് -രചന പൂവച്ചൽ ഖാദർ – സംഗീതം ഗംഗൈ അമരൻ ചിത്രം പ്രേമാഭിഷേകം )
“ദേവി ശ്രീദേവി…. ( ചിത്രം പ്രേമാഭിഷേകം -രചന പൂവച്ചൽ ഖാദർ -സംഗീതം ഗംഗൈ അമരൻ – ആലാപനം യേശുദാസ് )
“മേലെ പൂമല
താഴെ തേനല …….”
( ചിത്രം മദനോത്സവം – രചന
ഓ എൻ വി കുറുപ്പ് – സംഗീതം സലീൽ ചൗധരി – ആലാപനം യേശുദാസ് , സബിത ചൗധരി )
” മാടപ്രാവേ വാ…”
(ചിത്രം മദനോത്സവം – ആലാപനം യേശുദാസ് – രചന
ഒ എൻ വി കുറുപ്പ് – സംഗീതം സലീൽ ചൗധരി )
“നീലാംബുജങ്ങൾ വിടർന്നു ….”
(ചിത്രം സത്യവാൻ സാവിത്രി – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“ആഷാഢം മയങ്ങി …”
( സത്യവാൻ സാവിത്രി – രചന ശ്രീകുമാരൻ തമ്പി – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)
“മനക്കലെ തത്തേ
മറക്കുട തത്തേ….. ”
( ചിത്രം രാസലീല – രചന വയലാർ – സംഗീതം സലീൽ ചൗധരി – ആലാപനം യേശുദാസ് )
“ഓ… ആയില്യം പാടത്തെ പെണ്ണേ…. ”
(ചിത്രം രാസലീല – രചന വയലാർ – സംഗീതം സലീൽ ചൗധരി –
ആലാപനം യേശുദാസ് – വാണി ജയറാം – കോറസ്. )
“നിശാസുരഭികൾ വസന്തസേനകൾ … ”
(രാസലീല – രചന വയലാർ – സംഗീതം സലീൽ ചൗധരി – ആലാപനം പി ജയചന്ദ്രൻ .)
“ശാഖാനഗരത്തിൽ
ശശികാന്തം ചൊരിയും …. ”
(ചിത്രം കാത്തിരുന്ന നിമിഷം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജുനൻ – ആലാപനം യേശുദാസ്)
“മാർഗ്ഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാവില് പൂരം …. ”
(ചിത്രം പൊന്നി – രചന പി ഭാസ്കരൻ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)
” കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ …. ”
(ചിത്രം ആനന്ദം പരമാനന്ദം – രചന ശ്രീകുമാരൻ തമ്പി – സംഗീതം ജീ ദേവരാജൻ – ആലാപനം യേശുദാസ് , മാധുരി)
എന്നീ സുന്ദരഗാനങ്ങളെല്ലാം കമൽഹാസന്റെ ചിത്രങ്ങളിലൂടെയാണ് സംഗീത പ്രേമികളുടെ മനസ്സിലേക്ക് കുടിയേറിയത്.
1954 നവംബർ 7-ന് ജനിച്ച കമൽഹാസൻ സപ്തതിയും പൂർത്തിയാക്കി എഴുപത്തിയൊന്നാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ അഭിനയത്തിലും നൃത്തത്തിലും സാങ്കേതിക രംഗത്തും എല്ലാ അർത്ഥത്തിലും അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ വലിയ കലാകാരന് നിറഞ്ഞ മനസ്സോടെ ജന്മദിന ആശംസകൾ നേരട്ടെ …



