
വൈറ്റില പാലം ഉദ്ഘാടനം: ജസ്റ്റിൽ കെമാൽ പാഷയ്ക്ക് കേട്ടാലറയ്ക്കുന്ന തെറി; പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ലെന്നു ജഡ്ജി
തേർഡ് ഐ ബ്യൂറോ
കൊച്ചി: വൈറ്റില – കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തിനു പിന്നാലെ ജസ്റ്റിസ് കെമാൽ പാഷയ്ക്കു നേരെ കേട്ടാൽ അറയ്ക്കുന്ന തെറി. പാലം ഉദ്ഘാടനത്തിന് എതിരെ രംഗത്ത് എത്തിയതിനാണ് ഇദ്ദേഹത്തിനു നേരെ തെറിയുണ്ടാകുന്നത്. ഇതിനിടെ, വൈറ്റില പാലവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ രംഗത്ത് എത്തി. പ്രതികരിച്ചതു കൊണ്ടാണ് പാലം ഇപ്പോഴെങ്കിലും തുറന്നുകൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പേ ചിലർ തുറന്നത് വിവാദമായിരുന്നു. സംഭവത്തിന് പിന്നിൽ വി ഫോർ കേരള പ്രവർത്തകരാണ് എന്നാണ് പൊലീസ് പറയുന്നത്. മേൽപ്പാലം ജനങ്ങൾ തുറന്നതിൽ തെറ്റില്ലെന്നായിരുന്നു കെമാൽ പാഷയുടെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടുപിന്നാലെ കെമാൽ പാഷയെ ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയയിലും രൂക്ഷമായി വിമർശിക്കുകയും അസഭ്യം പറയലുമുണ്ടായി. ഇതിനെതിരെ അദ്ദേഹം പോലീസിൽ പരാതിപ്പെട്ടു. എന്നാൽ തുടർനടപടിയുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് കെമാൽ പാഷ പറഞ്ഞു.
പാലത്തിന്റെ ഉദ്ഘാടനം നടക്കുന്ന വേളയിൽ കെമാൽ പാഷയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. നീതി പീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഇത്തരം ചെയ്തികൾക്ക് കുടപിടിക്കരുതെന്നും ഉത്തരവാദിത്തമില്ലാതെ പ്രതികകരിക്കരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയൻ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാൻ എന്ന കെമാൽ പാഷയുടെ പ്രതികരണമാണ് ചിലരെ പ്രകോപിപ്പിച്ചത്. ഫോണിൽ വിളിച്ച് പലരും അസഭ്യം പറഞ്ഞു. ഇതര സംസ്ഥാനക്കാരുടെ മൊബൈൽ ഉപയോഗിച്ചാണ് ചിലർ വിളിച്ചത്. ഒരാൾ ലാന്റ് ലൈനിൽ നിന്നും വിളിച്ചു. ഇതാരാണെന്ന് പോലീസ് കണ്ടെത്തി. എന്നാൽ പിടികൂടിയിട്ടില്ല. പിണറായിയുടെ പോലീസിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അസഭ്യ വർഷം പതിവായതോടെയാണ് പരാതി നൽകിയതെന്നും തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു.