
കൊച്ചി : നവംബറില്‍ രാജ്യാന്തര സൗഹൃദമത്സരം കളിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് ഇല്ലെന്നു ഏതാണ്ട് വ്യക്തമായി. മെസിയുടെ കേരള സന്ദര്‍ശനം അടുത്ത വിന്‍ഡോയില്‍ നോക്കാമെന്നാണ് ഇപ്പോള്‍ സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ പറയുന്നത്.
നടക്കുന്നത് ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണെന്നും അടുത്ത മാര്‍ച്ച് വിന്‍ഡോയിലേക്കുള്ള അപ്ലിക്കേഷന്‍ ഫിഫയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ആന്റോ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും പേരുപറഞ്ഞ് ഗോട്ടി കളിയല്ല, വലിയ കളികള്‍ തന്നെയായിരുന്നു സ്‌പോണ്‍സറുടെ ലക്ഷ്യമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ സ്‌പോണ്‍സറുടെ താല്‍പര്യത്തിലാണ് ദുരൂഹത ഉയരുന്നത്. അര്‍ജന്റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തില്‍ അവകാശം വേണമെന്നാണ് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ആ ആവശ്യം അന്നേ തള്ളിയ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന മാത്രം നല്‍കാമെന്ന നിലപാടിലാണ്.
വിവിഐപി ഗാലറികള്‍, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തല്‍, പുറമേയുള്ള അറ്റകുറ്റപ്പണികള്‍ എല്ലാം ഉടന്‍ പൂര്‍ത്തിയാക്കും, അര്‍ജന്റീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാം തുടങ്ങിയവയായിരുന്നു സ്‌പോണ്‍സറുടെ അവകാശവാദങ്ങള്‍.
സ്റ്റേഡിയത്തില്‍ തുടര്‍ന്നും അവകാശം വേണമെന്ന ആവശ്യവും ഇതോടൊപ്പം സ്‌പോണ്‍സര്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിരുന്നു.
എന്നാല്‍ ജിസിഡിഎ ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്നും മറ്റൊരു കരാറുമില്ലെന്നും ആളുകള്‍ക്ക് എന്തും ആവശ്യപ്പെടാമല്ലോയെന്നുമാണ് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള പ്രതികരിച്ചത്.
നവംബറില്‍ കളി നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണവും താളം തെറ്റി. പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം വേഗത്തിലാക്കും എന്നായിരുന്നു സ്‌പോണ്‍സറുടെ പ്രഖ്യാപനമെങ്കിലും സ്റ്റേഡിയത്തിന് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതുമാണ് നിലവില്‍ പൂര്‍ത്തിയായ പണി.
സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ആണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കിയതെന്നും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ഉണ്ടല്ലോയെന്നുമാണ് ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്. എന്നാല്‍ അര്‍ജന്റീന മത്സരത്തെക്കുറിച്ചുള്ള സ്‌പോണ്‍സറുടെ പല പ്രഖ്യാപനങ്ങളും സംശയത്തിനിടവരുത്തിയിരുന്നു.
പക്ഷേ നേടാന്‍ ഉദ്ദേശിച്ചിരുന്ന കാര്യം ചെറുതൊന്നുമല്ലെന്നാണ് ഗ്രൗണ്ടിന് പുറത്ത് സ്‌പോണ്‍സര്‍ നടത്തിയ നീക്കത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വ്യക്തമാകുന്നത്.




