
കോട്ടയം : വില മാനത്തെത്തിയതോടെ കള്ളന്മാരുടെ കണ്ണ് പൊന്നിലാണ്. ആഭരണം മുഴുവനില്ലെങ്കിലും ഒരു തരികിട്ടിയാലും വലിയ തുകയാണെന്നതാണ് മോഷ്ടാക്കളുടെ സന്തോഷം.
സ്വർണാഭരണങ്ങള്‍ ധരിക്കുന്നതിലും വീടുകളില്‍ സൂക്ഷിക്കുന്നതിലും ജാഗ്രത വേണമെന്നാണ് പൊലീസ് നിർദ്ദേശം. സ്വർണവില പവന് ലക്ഷത്തോട് അടുത്തതോടെയാണ് മോഷ്ടാക്കള്‍ ലോട്ടറിയ്ക്ക് സമാനമായി കരുതുന്നത്. ചെറിയ ആഭരണം തട്ടിയെടുത്താല്‍ പോലും വലിയ തുകയ്ക്ക് വില്‍ക്കാമെന്നതാണ് പ്രലോഭനം.
ബൈക്കിലെത്തി മാല പൊട്ടിക്കലാണ് കൂടുതലായി കണ്ടുവരുന്നത്. സ്വർണം ലക്ഷ്യംവച്ച് അന്യസംസ്ഥാനക്കാരായ മോഷ്ടാക്കള്‍ എത്താനുള്ള സാദ്ധ്യതയും പൊലീസ് മുന്നില്‍ക്കാണുന്നുണ്ട്. കുറുവാ സംഘങ്ങള്‍ കൂട്ടത്തോടെ എത്തി മോഷ്ടിച്ച് മടങ്ങുന്ന സമയം കൂടിയാണിത്. ആള്‍ത്താമസമില്ലാത്ത വീടുകളും മോഷ്ടാക്കള്‍ തേടിയിറങ്ങുകയാണ്. കനത്ത മഴയില്‍ രാത്രി വീടിന്റെ ജനാലയോ വാതിലോ പൊളിക്കുന്ന ശബ്ദം വീട്ടുകാർ അറിയില്ല.
പേടിക്കണം തിരുട്ട് ഗ്രാമക്കാരെ
രാത്രിയില്‍ മഴകനത്തതോടെ അവസരം മുതലെടുക്കാനുള്ള സാഹചര്യം ഏറെയാണ്. പകല്‍ വീടുകള്‍ കണ്ടുവയ്ക്കും. രാത്രിയില്‍ വീട് തകർത്ത് ആക്രമിച്ച് മോഷണം നടത്തുന്ന സ്വഭാവക്കാരായതിനാല്‍ തിരുട്ട് ഗ്രാമക്കാരെ കരുതണമെന്നാണ് നിർദ്ദേശം. ഇതിന് പുറമേ സ്വർണക്കടകള്‍ കൊള്ളയടിക്കാനും പഴയ സ്വർണം വാങ്ങുന്ന കടകളില്‍ മോഷണം നടത്താനുമുള്ള സാഹചര്യവുമുണ്ട്. സ്വർണ്ണപ്പണയം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
രാത്രി വീടിന് ചുറ്റും പ്രകാശം കിട്ടുന്ന രീതിയില്‍ ലൈറ്റുകള്‍ ക്രമീകരിക്കുക
രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാല്‍ കതകു തുറക്കാതിരിക്കുക
പരിസരങ്ങളില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോ എടുക്കുക
പഴയ സാധനങ്ങള്‍ക്കു വേണ്ടി വരുന്നവർക്ക് സാധനങ്ങള്‍ കൊടുക്കാതിരിക്കുക
രാത്രി 11 മുതല്‍ രാവിലെ 4 വരെ ജാഗ്രത പുലർത്തുക, സി.സി.ടി.വി സ്ഥാപിക്കുക
വീടു പൂട്ടി പുറത്തുപോകുന്നവർ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കുക
സ്വർണവും വില പിടിപ്പുള്ള സാധനങ്ങളും വീട്ടില്‍ സൂക്ഷിക്കാതിരിക്കുക
വിനോദയാത്രയ്ക്ക് പോയാല്‍ ലൊക്കേഷൻ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക
കമ്പിപ്പാര, പിക്കാസ് മുതലായ ആയുധങ്ങള്‍ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക
‘
‘ പട്രോളിംഗ് ശക്തമാക്കണം.
റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം വിളിക്കണം. അപരിചതരെ കണ്ടാല്‍ പൊലീസിനെ അറിയിക്കാൻ ജനങ്ങള്‍ മടിക്കരുത്. ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോണ്‍ നമ്പർ സേവ് ചെയ്ത് സൂക്ഷിക്കണം.




