
കല്ലമ്പലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുഹൃത്തുക്കളായ മദ്യപസംഘത്തിന്റെ തര്‍ക്കത്തിനിടെ പൊലിഞ്ഞത് 3 ജീവന്. കല്ലമ്പലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ്.
മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാർ (49) ന്റെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അജികുമാറാണ് ആദ്യം സ്വന്തം വീടിനുള്ളില്‍ സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തെച്ചൊല്ലി സുഹൃത്തുക്കള്‍ക്കിടയില്‍ നടന്ന വാക്കേറ്റത്തിനിടെ അജിത്ത് എന്ന യുവാവിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തി.
തിങ്കളാഴ്ച ഈ സംഭവത്തെ തുടര്‍ന്ന് ഇവരുടെ സുഹൃത്തായ ബിനുരാജ് പിറ്റേന്നു കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കളുടെ സംഘര്‍ഷത്തില്‍ 3 പേര് കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് കല്ലമ്പലം.
വിവാഹമോചിതനായ അജികുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസല്‍ക്കാരം നടന്നത്. ഇവിടെ മദ്യസല്‍ക്കാരം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. മദ്യപിക്കുന്നതിനിടെ കൂട്ടുകാര്‍ തമ്മില്‍ സംഘര്‍ഷവും പതിവായിരുന്നു. വീട്ടില്‍ ബഹളം കേട്ടതായി നാട്ടുകാരും പറഞ്ഞു. അജികുമാര്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നതു തിങ്കളാഴ്ചയാണ്.
പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി മുള്ളറംകോട് ഗണപതിക്ഷേത്രത്തിനു സമീപത്തെ ഇടറോഡില്‍ സുഹൃത്ത് സംഘം വീണ്ടും മദ്യപിച്ചു. സുഹൃത്തുക്കള്‍ക്കിടയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കയ്യേറ്റവും നടന്നു. അജികുമാറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന സജീവ് കുമാറിനെക്കുറിച്ചുള്ള വിവരം പുറത്തു പറയുമെന്നു സുഹൃത്തുക്കളായ അജിത്തും പ്രമോദും പറഞ്ഞതാണ് രണ്ടാമത്തെ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു.
റോഡിൽ പാര്‍ക്കു ചെയ്തിരുന്ന പിക്കപ് വാന്‍ സജീവ് കുമാര്‍ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിച്ചു. സംഭവ സ്ഥലത്തു കുഴഞ്ഞുവീണ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിച്ചു. പ്രമോദ് ചികിത്സയിലാണ്. സജീഷ് കല്ലമ്പലം പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേര് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരാരും ക്രിമിനല്‍ കേസില്‍ പ്രതികളല്ലെന്നും സ്ഥിരം മദ്യപാനികളാണെന്നും പൊലീസ് പറഞ്ഞു.