play-sharp-fill
മരണാനന്തരവും വിജയം കലൈഞ്ജർക്കൊപ്പം; സംസ്‌കാരം മറീനയിൽ തന്നെ

മരണാനന്തരവും വിജയം കലൈഞ്ജർക്കൊപ്പം; സംസ്‌കാരം മറീനയിൽ തന്നെ

ബാലചന്ദ്രൻ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്‌കാരം മറീന ബീച്ചിൽ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയിൽ വാദം കേട്ട കോടതി ഇതിൽ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു. മെറീനയിലെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച് സമർപ്പിക്കപ്പെട്ടിരുന്ന അഞ്ച് ഹർജികളിൽ നാലെണ്ണവും ചൊവ്വാഴ്ച രാത്രിയോടെ തന്നെ പിൻവലിക്കപ്പെട്ടിരുന്നു. എന്നാൽ ട്രാഫിക് രാമസ്വാമി ഹർജി പിൻവലിച്ചിരുന്നില്ല. ഇതേത്തുടർന്ന് രാമസ്വാമിയോട് ഹർജി പിൻവലിക്കുന്നുവെന്ന് എഴുതിനൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാദി ജി.രമേഷാണ് ഡിഎംകെയുടെ ഹർജി പരിഗണിച്ചത്. എം.ജി.ആറിനും ജയലളിതയ്ക്കും ലഭിച്ച നീടി കരുണാനിധിക്ക് ലഭിക്കില്ലെന്ന് ഡി.എം.കെ അഭിഭാഷകൻ വാദിച്ചു. അണ്ണാദുരൈടെ അടക്കം ദ്രാവിഡ നേതാക്കളുടെയെല്ലാം സംസ്‌കാരം നടത്തിയിരുന്നതും മറീനയിലാണ്. അതിനാൽതന്നെ കരുണാനിധിയുടെ സംസ്‌കാരം ഡി.എം.കെയുടെ അഭിമാന പ്രശ്‌നമായിരുന്നു. കരുണാനിധിയെ സംസ്‌കരിക്കാൻ മറീന ബീച്ചിനു പകരം ഗിണ്ടിയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കർ സ്ഥലം നൽകാമെന്നായിരുന്നു സർക്കാർ നിലപാട്. സർക്കാർ നിലപാട് പുറത്തു വന്നതിനു പിന്നാലെ കാവേരി ആശുപത്രിക്കു മുന്നിൽ ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ പ്രവർത്തകർ പ്രതിഷേധമുയർത്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സർക്കാർ നിലപാടിനെതിരെ ഡിഎംകെ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മറീനാ ബീച്ചിൽ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കുടുംബാംഗങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു.