രാജ്യത്ത് കാലാവധി കഴിഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ 97 ലക്ഷം വാഹനങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി: ഇവ എല്ലാം പൊളിച്ചാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 40,000 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ മാത്രം ലഭിക്കും: 70 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.

Spread the love

ഡൽഹി:രാജ്യത്ത് കാലാവധി കഴിഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ 97 ലക്ഷം വാഹനങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഇവ എല്ലാം പൊളിച്ചാല്‍ തന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 40,000 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ മാത്രം ലഭിക്കും. 70 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം മൂന്ന് ലക്ഷം വാഹനങ്ങളാണ് പൊളിച്ചത്. ഇതില്‍ 1.41 ലക്ഷവും സര്‍ക്കാര്‍ വാഹനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ വാഹനങ്ങള്‍ പ്രകൃതി സൗഹൃദമായ രീതിയില്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വോളന്ററി വെഹിക്കിള്‍ ഫ്‌ളീറ്റ് മോഡണൈസേഷന്‍ പ്രോഗ്രാം (V-VMP) കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വാണിജ്യ വാഹനങ്ങള്‍ക്ക് ആദ്യ എട്ട് വര്‍ഷം രണ്ട് വര്‍ഷത്തിലൊരിക്കലും പിന്നീട് വാര്‍ഷിക അടിസ്ഥാനത്തിലും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണമെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പറയുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കേണ്ട 15 വര്‍ഷമാണ് കാലാവധി. അത് കഴിഞ്ഞാല്‍ ഓരോ അഞ്ച് വര്‍ഷത്തിനിടയിലും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങള്‍ക്ക് സാധാരണ 15 വര്‍ഷമാണ് കാലാവധി. ഇത് കഴിഞ്ഞാല്‍ പൊളിക്കുകയാണ് പതിവ്.

പുതിയ വാഹനങ്ങള്‍ക്ക് 5% ഡിസ്‌കൗണ്ട്
പഴയ വാഹനങ്ങള്‍ പൊളിച്ച്‌ പുതിയത് വാങ്ങുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ഡിസ്‌കൗണ്ട് നല്‍കണമെന്നും മന്ത്രി വാഹന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ ഡിമാന്‍ഡ് വര്‍ധിക്കും. ജി.എസ്.ടി പരിഷ്‌ക്കാരം വാഹന വിപണിക്ക് ഏറെ ഗുണം ചെയ്യും. വാഹനങ്ങള്‍ പൊളിക്കുന്നതിലൂടെ വാഹനഘടക ഉത്പന്നങ്ങളുടെ ചെലവ് 25 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണി ലോകത്തിലെ ഏറ്റവും വലുതാക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 22 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ വാഹന വിപണി ലോകത്തിലെ മൂന്നാമത്തെതാണ്. 78 ലക്ഷം കോടി രൂപ മൂല്യമുള്ള യു.എസ് വാഹന വിപണി ഒന്നാമതും 47 ലക്ഷം കോടി രൂപ മൂല്യമുള്ള ചൈനീസ് വാഹന വിപണി രണ്ടാമതുമാണ്.

ഇ27 പെട്രോള്‍ വരും
27 ശതമാനം എഥനോള്‍ ചേര്‍ത്ത ഇ27 പെട്രോള്‍ അധികം താമസിയാതെ രാജ്യത്ത് നടപ്പിലാക്കുമെന്നും ഗഡ്കരി പറഞ്ഞു. ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ കഴിഞ്ഞ 49 വര്‍ഷമായി 27 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. ആവശ്യമായ പരീക്ഷണങ്ങള്‍ക്ക് ശേഷം ഓട്ടോമൊബൈല്‍ റിസര്‍ച്ച്‌

അസോസിയേഷന്‍ ഓഫ് ഇന്ത്യ പെട്രോളിയം മന്താലയത്തിന് ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കും. മന്ത്രാലയത്തിന്റെ ശിപാര്‍ശ ലഭിച്ചാല്‍ കേന്ദ്രമന്ത്രിസഭ ഇ27 സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇ20 പെട്രോള്‍ മാത്രം വില്‍ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.