വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന സംഭവം: പ്രതിയെ ആഭരണങ്ങൾ വിറ്റ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി; ഉരുക്കി സൂക്ഷിച്ച രീതിയിൽ രണ്ട് വളകൾ അന്വേഷണ സംഘം കണ്ടെടുത്തു

Spread the love

കൊച്ചി: വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ ആഭരണങ്ങൾ അടിമാലിയിലെ ജ്വല്ലറിയിലാണ് വിറ്റത്. ഉരുക്കി സൂക്ഷിച്ച രീതിയിൽ രണ്ട് വളകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

ഈ മാസം 17നാണ് ജെയ്സി എബ്രഹാമിനെ അപ്പാർട്ട്മന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ തന്നെ പോലീസിന് കൊലപാതകമാണെന്ന് മനസ്സിലായി. പോസ്റ്റ്മോർട്ടത്തിൽ തലയിൽ പത്തോളം മുറിവുകളുണ്ടെന്നും അതിലൊന്ന് ആഴത്തിലുള്ളതാണെന്നും വ്യക്തമായി.

റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഹെൽമറ്റ് ധരിച്ച് ബാഗ് തൂക്കി ഒരാൾ നടന്നു വരുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറങ്ങുന്നതും അപ്പാർട്ട്മെന്‍റിന് പുറത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പിന്നീട് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. ഗിരീഷ് ബാബുവിന്‍റേയും ഖദീജയുടേയും സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്ന ഗിരീഷ് ഖദീജയുമായി ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തു. ഞായറാഴ്ചയാണ് കൊല നടത്താൻ തെരഞ്ഞടുത്തത്.

സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമെറ്റ് ധരിച്ചായിരുന്നു അന്ന് മുഴുവൻ ദിവസവും ഗിരീഷിന്‍റെ സഞ്ചാരം. 10.20ന് അപ്പാർട്ട്മെന്‍റിലെത്തിയ ഗിരീഷ് ജെയ്സിക്കൊപ്പം മദ്യപിക്കുകയും ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് ജയ്‌സിയുടെ തലയ്ക്ക് പലവട്ടം അടിക്കുകയും നിലവിളിക്കാൻ ശ്രമിച്ച ജയ്സിയുടെ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു.

തുടർന്ന് മരണം ഉറപ്പാക്കിയ പ്രതി കുളിമുറിയിൽ തെന്നി വീണാണ് മരണം എന്ന് തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. ജയ്സി കൈകളിൽ ധരിച്ചിരുന്ന രണ്ട് സ്വർണ്ണ വളകളും ജെയ്സിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഗിരീഷ് കൈക്കലാക്കി.

കൊലപാതക വിവരം കൂട്ടുപ്രതിയായ ഖദീജയെ അറിയിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിനും പരിസരത്തും എത്തി പോലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. 15 അംഗം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു പ്രതിക്കായുള്ള തിരച്ചിൽ. കൃത്യം നടത്തി ഏഴാം ദിവസമാണ് പ്രതിയും കൂട്ടുകാരിയും പിടിയിലാകുന്നത്.