
പ്രാർത്ഥന സമ്മേളനം നടക്കുന്നതിനിടെ സ്ഫോടനം: ഭീകരാക്രമണക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശബന്ധം അന്വേഷിക്കാൻ സർക്കാർ തീരുമാനം; വിശദ അന്വേഷണം നടത്തുന്നത് ഇന്റർപോളിന്റെ സഹായത്തോടെ; ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി
കൊച്ചി: കളമശ്ശേരി ഭീകരാക്രമണക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശബന്ധം അന്വേഷിക്കാൻ സർക്കാർ തീരുമാനം. ഇന്റർപോളിന്റെ സഹായത്തോടെയാണ് വിശദ അന്വേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി.
സ്ഫോടകവസ്തുക്കൾ തയാറാക്കിയതിന്റെ ചിത്രങ്ങൾ ഇയാൾ ഒരു വിദേശ നമ്പറിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ചായിരിക്കും പുതിയ അന്വേഷണം. നമ്പർ ദുബൈയിലുള്ള സുഹൃത്തിന്റേതാണെന്നാണ് ഇയാൾ നൽകിയ മൊഴി. എന്നാല്‍, നമ്പറിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. ഇതിലടക്കം വ്യക്തതയാണ് പുതിയ അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ നമ്പറിന്റെ ഉടമക്ക് സ്ഫോടനവുമായി ബന്ധമുണ്ടെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കും. ഇതോടൊപ്പം ഇയാൾ വിദേശത്ത് ജോലി നോക്കിയിരുന്ന കാലയളവിലേതടക്കമുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. പത്തുവര്‍ഷത്തോളം ഡൊമിനിക് മാര്ട്ടിന് ദുബൈയിലായിരുന്നു ജോലി ചെയ്തിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഒക്ടോബർ 29ന് രാവിലെ 9.38നാണ് കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യാഹോവ സാക്ഷികളുടെ പ്രാർഥന സമ്മേളനം നടക്കുന്നതിനിടെ സ്ഫോടനം നടന്നത്. മൂന്നുപേർ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ അഞ്ചുപേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. പുറമേ 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ കുറ്റം സ്വയം ഏറ്റെടുത്ത് കീഴടങ്ങിയ ഏക പ്രതിയായ ഡൊമിനിക് മാർട്ടിനെതിരെ ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ യു.എ.പി.എ ചുമത്തിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ വിചാരണാനുമതി നിഷേധിച്ചതോടെ യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം കോടതിക്ക് സമർപ്പിച്ചത്. എന്നാൽ, ഗുരുതര ആരോപണങ്ങൾ ഉയർന്ന കേസിൽ പ്രതിക്കെതിരെ യു.എ.പി.എ ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതോടൊപ്പം പ്രതിയുടെ വിദേശബന്ധത്തെ സംബന്ധിച്ചും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതി മുമ്പ് ജോലി ചെയ്തിരുന്ന ദുബൈയിലെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും മറ്റ് ദുരൂഹതകളില്ലെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം.

കളമശ്ശേരി സ്ഫോടനം ഞെട്ടിക്കുന്നത്,സമഗ്രാന്വേഷണം വേണം;എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് അഷ്റഫ് മൗലവി.
സ്വന്തം ലേഖിക
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി.
മുൻവിധിയില്ലാതെ സത്യസന്ധമായ അന്വേഷണം നടക്കണം. സംഭവത്തിൻ്റെ മറവിൽ വിദ്വേഷ പ്രചാരണങ്ങളും നുണപ്രചാരണങ്ങളും നടത്തുന്നവരെ നിയന്ത്രിക്കാനും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും സർക്കാരും പോലീസും തയ്യാറാവണം. കിംവദന്തികൾ പ്രചരിപ്പിച്ച് രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ കരുതിയിരിക്കണം. അതീവ ഗൗരവമുള്ള സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
