കേരളകലാമണ്ഡലത്തിലെ അഴിമതിയും ലൈംഗിക പീഡനങ്ങളും ചോദ്യം ചെയ്തു; കലാമണ്ഡലം സത്യഭാമയെ നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കി സാംസ്‌കാരിക വകുപ്പിന്റെ പക വീട്ടൽ
സ്വന്തം ലേഖകൻ
തൃശൂർ : പ്രമുഖ നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ കേരളകലാമണ്ഡലം നിർവ്വാഹക സമിതിയിൽ നിന്ന് പുറത്താക്കി സാംസ്‌കാരിക വകുപ്പിന്റെ പക വീട്ടൽ. ഇടതു സഹയാത്രികനായ നിർവ്വാഹകസമിതിയംഗത്തിനെതിരെ ഉയർന്ന ലൈംഗികാരോപണവും കലാമണ്ഡലത്തിലെ സാമ്പത്തിക ക്രമക്കേടുകളും നിർവ്വാഹകസമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതാണ് സത്യഭാമയെ പുറത്താക്കാൻ കാരണം.ആഗസ്ത് 22ന് സാംസ്‌കാരിക വകുപ്പിന്റെ അസാധാരണ ഉത്തരവിലൂടെയാണ് പുറത്താക്കൽ.
കലാരംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ മുതിർന്നവരെയാണ് കല്പിത സർവ്വകലാശാലയായ കലാമണ്ഡലം നിർവ്വാഹകസമിതിയിൽ ഉൾപ്പെടുത്തുക. മൂന്ന് വർഷമാണ് കാലാവധി. അതിനിടയിൽ പുറത്താക്കുന്ന പതിവില്ല. കലാമണ്ഡലം സത്യഭാമയെ നിർവ്വാഹക സമിതിയിൽ നിന്ന് പുറത്താക്കിയെന്നു കാണിച്ച് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവ് രജിസ്ട്രാർക്ക് നൽകുകയായിരുന്നു.
താത്കാലിക അധ്യാപകരായ ചിലരാണ് ഇടതു നേതാവായ നിർവ്വാഹക സമിതിയംഗത്തിനെതിരെ പരാതി ഉന്നയിച്ചത് . ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്നതായും ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നതായും നിരവധി അധ്യാപികമാർ പരാതിപ്പെട്ടിട്ടുണ്ട് . പരാതിപ്പെട്ടാൽ അടുത്ത വർഷം ജോലിയുണ്ടാവില്ല എന്ന് ഭീഷണിപ്പെടുത്തുകയാണെന്നും രേഖാമൂലം പരാതിപ്പെടാൻ ഭയമാണെന്നും ഇവർ പറയുന്നു.കഴിഞ്ഞ ഇടതു ഭരണ സമിതിയുടെ കാലത്തും കലാമണ്ഡലത്തിലെ നിർണ്ണായക പദവിയിലുണ്ടായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് ഇത്തരം പരാതികൾ ഉയർന്നിരുന്നു. അന്നും തുണയായത് രാഷ്്ട്രീയ ബന്ധമായിരുന്നു. അധ്യാപികമാരുടെ പ്രശ്നം നിർവ്വാഹക സമിതിയോഗത്തിൽ സത്യഭാമ അവതരിപ്പിച്ചെങ്കിലും രേഖാമൂലം പരാതിയില്ലാത്ത സാഹചര്യത്തിൽ ചർച്ച അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു വൈസ് ചാൻസലർ അടക്കമുള്ളവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group