
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയില്‍ ബിരുദം തോറ്റ വിദ്യാർത്ഥിക്ക് പി.ജി പ്രവേശനം നല്‍കി.
പിജി പാസായതോടെ ബിരുദം ജയിച്ചതായി പ്രഖ്യാപിക്കാൻ സിൻഡിക്കേറ്റ് നീക്കം.
പരാതിയെത്തുടർന്ന് സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞുവെക്കാൻ ഉത്തരവ് നല്‍കി ഗവർണർ.
ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) പരീക്ഷയില്‍ തോറ്റ വിദ്യാർഥിക്ക് എം.എഫ്.എ കോഴ്സില്‍ പ്രവേശനം നല്‍കുകയും, പിന്നീട് ബിരുദം ജയിച്ചതായി പ്രഖ്യാപിക്കാനും നീക്കം നടക്കുന്നുവെന്ന് കാണിച്ച് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുസംബന്ധിച്ച് വി.സിയും പരീക്ഷാ കണ്‍ട്രോളറും വിശദീകരണം നല്‍കണമെന്നും ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഹാജരാക്കണമെന്നും ഗവർണർ നിർദേശം നല്‍കി. നാല് വർഷ ബി.എഫ്.എ (മ്യൂറല്‍ പെയിന്‍റിങ്) പരീക്ഷയില്‍ തോറ്റതിനെ തുടർന്ന് 2005ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്.എഫ്.ഐ പ്രവർത്തകന് പരീക്ഷ പാസാകാതെ എം.എഫ്.എക്ക് പ്രവേശനം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.
ഈ വിദ്യാർഥി 2023ല്‍ എം.എഫ്.എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ ജയിപ്പിക്കാൻ താല്‍ക്കാലിക വൈസ് ചാൻസലർ ഡോ. കെ.കെ.ഗീതാകുമാരിയുടെ അധ്യക്ഷതയില്‍ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചെന്നും പരാതിയിലുണ്ട്.
ബിരുദ പരീക്ഷ പാസാകാത്തതിനാല്‍ സർവകലാശാല പരീക്ഷ വിഭാഗം വിദ്യാർഥിയുടെ എം.എഫ്.എ ഫലം രണ്ട് വർഷമായി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചിരുന്നു.
ഇതേതുടർന്ന് സിൻഡിക്കേറ്റ് യോഗം ചേർന്ന് വിദ്യാർഥിയെ ബി.എഫ്.എ പരീക്ഷ ജയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് പ്രവേശനം നല്‍കിയതെന്നാണ് ആരോപണം.



