video
play-sharp-fill
പ്രളയം ചതിച്ചു; കാലടി പൊലീസ് സ്റ്റേഷനിലെ 32 തോക്കുകളും വെള്ളത്തിലായി

പ്രളയം ചതിച്ചു; കാലടി പൊലീസ് സ്റ്റേഷനിലെ 32 തോക്കുകളും വെള്ളത്തിലായി

സ്വന്തം ലേഖകൻ

കൊച്ചി: ശക്തമായ പ്രളയത്തിൽ രണ്ടാം നില വരെ വെള്ളം കയറിയ കാലടി പൊലീസ് സ്റ്റേഷനിൽ ആകെയുള്ള 32 തോക്കുകളും പ്രവർത്തനരഹിതമായി. പിസ്റ്റളും റിവോൾവറും 303 റൈഫിളും ഉൾപ്പെടെയാണു കേടായത്. അറ്റകുറ്റപ്പണിക്കും വിദഗ്ധ പരിശോധനയ്ക്കുമായി ഇവ എആർ ക്യാംപിലേക്ക് കൊണ്ടുപോയി. കസ്റ്റഡി പ്രതികളെ പാർപ്പിക്കാനുള്ള സെൽ മുറി തകർന്ന് ഉപയോഗ ശൂന്യമായി.എറണാകുളം റൂറൽ എസ്പിയുടെ പരിധിയിൽ പെരുമ്പാവൂർ സബ് ഡിവിഷനിലാണ് കാലടി പൊലീസ് സ്റ്റേഷനും സർക്കിൾ ഇൻസ്‌പെക്റ്ററുടെ ഓഫിസും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട സ്റ്റേഷനുമായി വയർലെസ് സെറ്റിൽ പോലും ദിവസങ്ങളോളം ബന്ധപ്പെടാൻ സാധിച്ചില്ല. രണ്ടാം നിലയിലും വെള്ളം കയറിയതോടെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ തോക്കുകളുമായി ടെറസിൽ കയറുകയായിരുന്നു. ഇതിനിടെ തോക്കുകൾ കേടായി. വെടിയുണ്ടകളും നശിച്ചു. തോക്കുകൾ ഇനി ഉപയോഗിക്കാനാവുമോ എന്നു വിദഗ്ധ പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.

18 ലക്ഷം രൂപയുടെ നഷ്ടമാണു പൊലീസ് സ്റ്റേഷനുണ്ടായത്. സിഐ, എസ്ഐ എന്നിവരുടെ ഔദ്യോഗിക ജീപ്പുകളും റൈഡർമാരുടെ രണ്ടു ബൈക്കുകളും നശിച്ചു. സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന, പൊലീസുകാരുടെ ഒമ്പതു കാറുകൾക്കും 12 ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുണ്ടായി. സ്റ്റേഷന്റെ ചുറ്റുമതിൽ 50 മീറ്റർ നീളത്തിൽ തകർന്നു. മൂന്നു കംപ്യൂട്ടറുകളുൾപ്പെടെ നശിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനും കാര്യമായ നാശനഷ്ടമുണ്ട്. കംപ്യൂട്ടറുകൾ, ഇൻവെട്ടറുകൾ, ഫോട്ടോ സ്റ്റാറ്റ് മെഷീൻ ഉൾപ്പെടെ നശിച്ചു.മൊത്തം 7.8 ലക്ഷം രൂപയുടെ നഷ്ടം. വെള്ളം കയറിയതിനെ തുടർന്നു സ്റ്റേഷന്റെ പ്രവർത്തനം ടൗണിൽ പൊലീസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റിയിരുന്നു. ആലുവ പൊലീസ് സബ് ഡിവിഷനിലെ പുത്തൻവേലിക്കര, വടക്കേക്കര പൊലീസ് സ്റ്റേഷനുകളും പ്രളയക്കെടുതി പേറുകയാണ്. വടക്കേക്കരയിലെ രണ്ടു പൊലീസ് ജീപ്പുകളും രണ്ടു ബൈക്കുകളും എസ്ഐയുടെ സ്വന്തം കാറും ഉൾപ്പെടെ നശിച്ചു. പുത്തൻവേലിക്കര പൊലീസ് സ്റ്റേഷന്റെ കെട്ടിടത്തിനും കേടുപാടുണ്ട്. വെള്ളം ഇരച്ചു കയറിയതിനെ തുടർന്നു പൊലീസുകാർ സ്റ്റേഷനിൽ നിന്നു വഞ്ചികളിലാണു രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group