കലാഭവൻ മണിയുടെ സഹോദരൻ സുഖം പ്രാപിച്ചു : ആരെയും കുറ്റപ്പെടുത്താതെ രാമകൃഷ്ണന്റെ മൊഴി ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് അക്കാദമിയുടെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്താണെന്ന് രാമകൃഷ്ണൻ
സ്വന്തം ലേഖകൻ
തൃശൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച കലാഭവൻ മണിയുടെ സഹോദരൻ സുഖംപ്രാപിക്കുന്നു.സംഗീതനാടക അക്കാഡമിയുടെ അവഗണനയിൽ മനംനൊന്താണ് ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താതെയാണ് രാമകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അക്കാദമിയുടെ മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മനോവിഷമത്താലാണ് ഉറക്കഗുളിക കഴിച്ചതെന്ന് രാമകൃഷ്ണൻ പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ രാമകൃഷ്ണനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നതിനെക്കുറിച്ച് സൂചനയില്ല. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കേസെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. അതിനാൽ രാമകൃഷ്ണൻ എഴുതിയതെന്ന് പറയപ്പെടുന്ന കത്തും പൊലീസ് പരിശോധിക്കില്ല.
ശനിയാഴ്ച രാത്രിയോടെയാണ് ചാലക്കുടി ചേനത്തുനാടുള്ള കലാഗൃഹത്തിൽ അബോധാവസ്ഥയിൽ രാമകൃഷ്ണനെ കണ്ടെത്തിയത്. അമിതമായി ഉറക്ക ഗുളിക കഴിച്ചുവെന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറോട് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള കാരണം കലാഗൃഹത്തിൽ വച്ചിരിക്കുന്ന കത്തിലുണ്ടെന്നും പറഞ്ഞിരുന്നു.
അതേസമയം, അക്കാഡമിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്നായിരുന്നു ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിതയുടെ പ്രതികരണം. ആർ.എൽ.വി. രാമകൃഷ്ണനോട് താൻ പറഞ്ഞതായി പ്രചരിക്കുന്ന സംഭാഷണം സത്യവിരുദ്ധമാണെന്നും കെ.പി.എ.സി ലളിത പറഞ്ഞു.
കൊവിഡ് കാലത്ത് പരീക്ഷണമായാണ് ഓൺലൈൻ പരിപാടി ആരംഭിച്ചത്. ഇതിൽ നൃത്തപരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചർച്ചയോ അപേക്ഷ ക്ഷണിക്കലോ തീരുമാനമോ ഉണ്ടായിട്ടില്ല. അതുകൊണ്ട്, രാമകൃഷ്ണന്റെ അപേക്ഷ തിരസ്‌കരിച്ചു എന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം സംഭവുമായി ബന്ധപ്പെട്ട് അക്കാദമി ചെയർപേഴ്‌സന്റെ പ്രസ്താവന രാമകൃഷ്ണനെ മാനസികമായി തളർത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ആ പ്രസ്താവനയുടെ ഭാഷാശൈലി പോലും സമുന്നതനായ ആ കലാകാരനെ അപമാനിക്കുന്ന വിധമായിരുന്നുവെന്നും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പറഞ്ഞു.